തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ വിവാഹ രജിസ്ട്രേഷന് എത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൽ നഗരസഭ ജീവനക്കാർ സൗകര്യമൊരുക്കി.
ജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിന് നഗരസഭ തന്നെ മുന്നിട്ടിറങ്ങുന്നത് കോവിഡ് 19 ബാധയുടെ കാര്യഗൗരവം കണക്കിലെടുത്താണ്. ലോഡ്ജുകളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി അവർക്ക് നൽകുന്ന കുടിവെള്ളം, ഭക്ഷണം എന്നിവ അണുവിമുക്തമാക്കിയതാണോ എന്ന് പരിശോധിക്കും.
‘ജാഗ്രതയോടെ മുന്നേറാം നമുക്കൊറ്റക്കെട്ടായ്’ എന്ന ആഹ്വാനത്തോടെയാണ് ഗുരുവായൂർ നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. നഗരസഭ ആരോഗ്യ കേന്ദ്രവും പൂക്കോട്, തൈക്കാട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും സഹകരിച്ചു കൊണ്ടുള്ള കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. ഹരിതകർമ്മ സേനയും കുടുംബശ്രീയും ചേർന്ന് ഗുരുവായൂർ ടൗൺ കേന്ദ്രീകരിച്ച് ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു.
വാട്ടർ ടാങ്ക്, വാഷ്ബേസിൻ, ഹാന്റ് വാഷ്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്കായി നഗരത്തിൽ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്: ഗുരുവായൂർ നഗരസഭയിൽ വിവാഹ രജിസ്ട്രേഷന് എത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന ജീവനക്കാർ