*പ്രാദേശികതലത്തിൽ നിരീക്ഷണം ശക്തമാക്കും

കോവിഡ് 19 രോഗസാഹചര്യം നേരിടാൻ ജില്ല സജ്ജമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാദേശികതലത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താൻ ചേർന്ന ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ നാലു കേസുകൾ പോസിറ്റീവായ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കും. വർക്കലയിൽ ഇറ്റലിയിൽ നിന്നുള്ളയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വർക്കലയിൽ മന്ത്രിതലത്തിൽ പ്രത്യേകയോഗം ചേർന്ന് ആവശ്യമായ തുടർനടപടികൾക്ക് നിർദേശം നൽകിയിരുന്നു.

പ്രാദേശികതലത്തിൽ പ്രതിരോധം ശക്തമാക്കാൻ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ കൃത്യമായ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി. വിദേശത്ത് നിന്ന് എത്തിയവരിൽ മഹാഭൂരിപക്ഷവും നിർദേശങ്ങൾക്ക് വിധേയമായി വീടുകളിൽ കഴിയുന്നുണ്ട്. എന്നാൽ, അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അപൂർവം ചിലരുണ്ട്. ഈ സാഹചര്യം ഒഴിവാക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പൊതു ഇടങ്ങളിൽ പോകരുത്.

പഞ്ചായത്ത് വാർഡുതലത്തിൽ ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കാൻ 10 വോളണ്ടിയറടങ്ങിയ കമ്മിറ്റി രൂപീകരിക്കും. ഇതുകൂടാതെ പഞ്ചായത്തുകളിൽ സാനിറ്റേഷൻ കമ്മിറ്റിയുമുണ്ട്.
കോർപറേഷൻ വാർഡുകളിൽ 20 അംഗ വോളണ്ടിയർ കമ്മിറ്റിയാകും പ്രവർത്തിക്കുക. ഒപ്പം ആരോഗ്യപ്രവർത്തകരും, പോലീസും സഹകരിച്ച് ഇത്തരം പ്രവർത്തനം ശക്തമാക്കും.

പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും സാനിറ്റൈസിംഗ് സൗകര്യം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പി.ടി.എ ഉൾപ്പെടെയുള്ളവർ ഇതിന് സജ്ജീകരണമൊരുക്കണം. ജനങ്ങൾ കൂടുതലായെത്തുന്ന പഞ്ചായത്ത്, വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും സാനിറ്റൈസിംഗ് സൗകര്യമൊരുക്കണം.

രോഗബാധ തീവ്രമായ ഏഴുരാജ്യങ്ങളിൽ നിന്നെത്തുന്നവരെ സർക്കാർ നിയന്ത്രണത്തിൽത്തന്നെ വിമാനത്താവളത്തിൽ നിന്ന് വീടുകളിൽ എത്തിക്കും. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. വീടുകളിലെത്തിയാൽ നിർദ്ദിഷ്ട ദിവസം നിരീക്ഷണത്തിൽ കഴിയണം.
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ തിരുവനന്തപുരം നഗരത്തിലും വർക്കലയിലുമുൾപ്പെടെ ആശുപത്രികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൗകര്യമുണ്ട്.
അതിഥികളായെത്തുന്ന വിദേശികളോട് മാന്യമായി പെരുമാറാൻ നാട്ടുകാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എം.എൽ.എമാർ മണ്ഡലത്തിലെ സാഹചര്യം വിശദീകരിച്ചു. യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ, ഡി.കെ മുരളി, ഐ.ബി. സതീഷ്, കെ.എസ്. ശബരീനാഥൻ, എം. വിൻസൻറ്, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ഡി.എം.ഒ ഡോ: പി.പി പ്രീത തുടങ്ങിയവർ സംബന്ധിച്ചു.