ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശോധനയും നടത്തുകയാണ് ലക്ഷ്യം.

താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ജീവനക്കാരും,  എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് വോളന്റിയര്‍മാരും, പൊലീസും അടങ്ങുന്ന സംഘമാണ് ജാഗ്രതാ കേന്ദ്രത്തില്‍ ഉണ്ടാവുക. ഇവര്‍ യാത്രക്കാരെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും.

ജാഗ്രതാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സിനിഷ് പി. ജോയ്, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  ആദ്യഘട്ടത്തില്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും.