തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോകടർ ജോലി ചെയ്ത ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ 76 പേരെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ രോഗിയുമായി നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇവരിൽ 43 പേർ ഡോക്ടർമാരാണ്. 18 നഴ്‌സുമാരും 13 ടെക്‌നിക്കൽ സ്റ്റാഫും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ഇതിൽ പെടും. ഡോക്ടർമാരിൽ 26 പേരുടെത് ഹൈ-റിസ്‌ക്ക് കോണ്ടാക്ടും 17 ലോ-റിസ്‌ക്ക് കോണ്ടക്ടുമാണ്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത 27 പേർ ഹൈ റിസ്‌ക്കിലും 156 പേർ ലോ റിസ്‌ക്കിലുമുണ്ട്.

മാർച്ച് 2ന് രാവിലെ 1.20 ന്  ദോഹയിൽ നിന്നു തിരുവനന്തപുരത്തെത്തിയ ക്യു.ആർ 506 വിമാനത്തിൽ വന്നവരെ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. ശ്രീ ചിത്രയിലെ ഡോക്ടറുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും ഇതിനായുള്ള റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും കളക്ടർ പറഞ്ഞു.