കൊറോണ അതിർത്തികളിലെ പരിശോധന കർശനമാക്കും- മന്ത്രി എ.കെ ശശീന്ദ്രൻ

കൊറോണ (കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ചെക്ക്‌പോസ്റ്റുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുത്തു. കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766 ലെ മുത്തങ്ങ ചെക്‌പോസ്റ്റിലാണ് മന്ത്രി പരിശോധനക്ക് നേതൃത്വം നൽകിയത്. കർണ്ണാടകയിൽ നിന്നും അതിർത്തി കടന്നെത്തിയ ബസ്സുകളടക്കമുളള വാഹനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിച്ചു. യാത്രക്കാർക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദ്ദേശങ്ങളും നൽകി. ഐ.സി ബാലകൃഷ്ണൻ,ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ എന്നിവരും മന്ത്രിക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു. പരിശോധനകൾ സംബന്ധിച്ച വിവരങ്ങൾ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ് വിശദീകരിച്ചു.

സർക്കാർ നൽകിയിട്ടുളള ജാഗ്രാതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ച്ചയും അനുവദിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന സമീപനമാണ് എല്ലാവരിൽ നിന്നുമുണ്ടാകേണ്ടത്. രോഗ ഭീഷണി ഒഴിഞ്ഞെന്ന് ഉത്തമ ബോധ്യം വരുന്നതുവരെ ഇത്തരം പരിശോധനകളും നിയന്ത്രണങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് പോസ്റ്റുകളിലെ പരിശോധനയിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പരിശോധനയോടുളള യാത്രക്കാരുടെ സഹകരണത്തെ അഭിനന്ദിച്ചു.

ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 10 ഇടങ്ങളിലാണ് പോലീസ്, വനം, എക്‌സൈസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ പരിശോധന നടത്തുന്നത്. പനി ലക്ഷണമുളളവരെ ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനക്കായി മാറ്റും. പ്രധാന ചെക്ക്‌പോസ്റ്റുകളിൽ തിങ്കളാഴ്ച്ച വൈകീട്ട് വരെ നടന്ന പരിശോധനയിൽ 1071 വാഹനങ്ങളിൽ നിന്നായി 3519 യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. പരിശോധന നടന്ന ചെക്ക് പോസ്റ്റ്, യാത്രക്കാരുടെ എണ്ണം, പനി ലക്ഷണമുളളവർ യഥാക്രമം- മുത്തങ്ങ: 500, 1624, 1 , തോൽപ്പെട്ടി: 20, 56, 0, പെരിക്കല്ലൂർ: 13,55,0, താളൂർ: 26,98,1, ചോലോടി : 144,328,0, കക്കുണ്ടി: 22,32,0, ബാവലി : 217,1085,0,കോട്ടൂർ : 107,157,0,ചീരാൽ : 22,84,0

നിരീക്ഷണത്തിൽ 71 പേർ കൂടി
കൊറോണ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 71 പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ. 235 പേരാണ് ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 7 സാമ്പിളുകൾ ഇന്നലെ പരിശാധനയ്ക്ക് അയച്ചു. 23 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് നൽകിയത്. ഇതിൽ 9 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 14 റിസൾട്ട് കൂടി ലഭിക്കാനുണ്ട്.

ജില്ലയിലെ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ അവലോകനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 12 സംഘങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളിൽ പ്രതിരോധ നടപടികളുമായി പ്രവർത്തിക്കുന്നത്. ആംബുലൻസ് ഡ്രൈവർമാർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മറ്റ് രോഗങ്ങളോടെ ചികിത്സയിൽ കഴിയുന്നവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ രോഗികൾക്ക് ഡോക്ടർമാരുമായി വാട്‌സാപ്പ് മുഖേന നേരിൽ ബന്ധപ്പെടുന്നതിന് സംവിധാനമൊരുക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.

ജില്ലയിലെ സർക്കാർ, സ്വകാര്യ ആസ്പത്രികളിൽ ഐസൊലേഷൻ വാർഡുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ അവരുടെ ഭാഷകളിൽ ലഘുലേഖ തയ്യാറാക്കി നൽകണമെന്ന് ജില്ലാ ലേബർ ഓഫീസറോട് നിർദേശിച്ചു. കുടുംബശ്രീ വഴി 1000 മാസ്‌ക്കുകളുടെ നിർമ്മാണം പൂർത്തിയായി. 10000 മാസ്‌ക്കുകളാണ് കുടുംബശ്രീ ജില്ലാ ഭരണ കൂടത്തിന് വേണ്ടി നിർമ്മിക്കുക. ആസ്പത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കുന്നവരുടെയും സന്ദർശകരുടെയും എണ്ണം പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കും.

ജില്ലയിൽ 10 ചെക്ക്‌പോസ്റ്റുകളിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയോട് യാത്രക്കാർ നല്ല രീതിയിൽ സഹകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളും ടൂറിസം വകുപ്പും റിസോർട്ടുകളിലെ ടൂറിസ്റ്റുകളുടെ കണക്കെടുപ്പ് നടത്തി വരുന്നതായി ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. ജർമൻ, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖകൾ തയ്യാറാക്കി ടൂറിസ്റ്റുകൾ നൽകുന്നതായും കളക്ടർ പറഞ്ഞു.

യോഗത്തിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, എ.ഡി.എം തങ്കച്ചൻ ആന്റണി, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊറോണ: അവലോകന യോഗം ചേർന്നു

കൽപ്പറ്റ നിയോജകമണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ അവലോകന യോഗം ചേർന്നു. മുൻകരുതലിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വാർഡുകളിലും കുറഞ്ഞത് ഏഴുപേരെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറാക്കി നിർത്താനും പഞ്ചായത്തുകളിൽ ഐസോലേഷൻ വാർഡുകൾ കണ്ടെത്തുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ പോഷകാഹാര കുറവ് പരിഹരിക്കാൻ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം കാര്യക്ഷമമാക്കണം. ലാബുകളിലും ക്ലിനിക്കുകളിലും ഇൻഫെക്ഷൻ കൺട്രോൾ പ്രൊട്ടോക്കോൾ പാലിക്കുന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും എം.എൽ.എ പറഞ്ഞു. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, എ.ഡി.എം തങ്കച്ചൻ ആന്റണി, എൻ.എച്ച്.എം പ്രോജക്ട് മാനേജർ ഡോ.ബി അഭിലാഷ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.