വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്-19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലെയും മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

ആഭ്യന്തര യാത്രക്കാരേയും പരിശോധിക്കും. വിദേശത്ത് നിന്ന് വരുന്നവർക്ക് പുറത്തെത്താൻ ധൃതിയുണ്ടാവും. ഇത് പരിഗണിച്ച് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കണം. കൂടുതൽ പരിശോധന കേന്ദ്രങ്ങളും സംഘങ്ങളെയും ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകും.

കൂടുതൽ എമിഗ്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണം. കസ്റ്റംസ് പരിശോധനയ്ക്കും കൂടുതൽ സൗകര്യം ഉണ്ടാവണം. വിമാനത്താവളങ്ങളിൽ തിക്കും തിരക്കും ഉണ്ടാകാതെ ശ്രദ്ധിക്കണം. രോഗലക്ഷണം ഉള്ളവരെ ആംബുലൻസിൽ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളിൽ ഐസോലേഷനിൽ ആക്കണം. പോലീസിന്റെ മേൽനോട്ടത്തിൽ അവരെ വീടുകളിൽ എത്തിക്കണം.

വീടുകളിൽ ഐസോലേഷനിൽ പോകാൻ നിർദേശിക്കപ്പെട്ടവരുടെ വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യ വകുപ്പിന്റെ സെല്ലിൽ അറിയിക്കണം. വിമാനത്താവളങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് കർശനമായ നടപടി വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേർ എത്തുന്നത് തടയണം. വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനിൽ പോകുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ വിമാനത്താവളത്തിൽ നിന്നു തന്നെ നൽകണം. വിമാനത്താവളങ്ങളിൽ കൂടുതൽ ആംബുലൻസ് ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തിൽ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.