* ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകള്‍ തുറന്നു
* പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നു
കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ വന്‍ ജനപിന്തുണ. മുന്‍കരുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നേരിട്ടാണ് കോട്ടയത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വൈറസ് വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായുള്ള കിയോസ്കുകള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ചുതുടങ്ങി. ശാസ്ത്രീയമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് വൈറസിനെ പ്രതിരോധിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റില്‍ മന്ത്രി തിലോത്തമന് നിര്‍വ്വഹിച്ചു. വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ,ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റിലെയും മറ്റു കേന്ദ്രങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകള്‍ തുറന്നിട്ടുണ്ട്. ഓഫീസുകളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൈകള്‍ ശുചികരിക്കുന്നതിനായി സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ്, വെള്ളം, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവയാണ് കിയോസ്കുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ കൊറോണ ബോധവത്കരണ ലഘുലേഖകളുടെ വിതരണവുമുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും കിയോസ്കുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ ഹെല്‍പ്പ് ഡെസ്കിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യാത്രാക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ മന്ത്രി ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും വിധേയനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കൊറോണ പ്രതിരോധം: ഹോട്ടലുകളില്‍ നിയന്ത്രണം
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ഇപ്പോള്‍ താമസിക്കുന്നവരും പുതിയതായി എത്തുന്നവരുമായ വിദേശ സഞ്ചാരികളുടെ വിവരങ്ങള്‍ എല്ലാ ദിവസവും നല്‍കണമെന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ ഉടമകള്‍ക്ക് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദ്ദേശം നല്കി.
ഹോട്ടലുകളില്‍ ബുക്കിംഗ് കുറയ്ക്കണം. നേരത്തെ ബുക്ക് ചെയ്തവര്‍ എത്തിയാല്‍ താമസ സൗകര്യം നിഷേധിക്കരുത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറാന്‍ പാടില്ല. ഹോട്ടലുകളില്‍ എത്തുന്നവര്‍ കഴിഞ്ഞ ഒരുമാസം നടത്തിയിട്ടുള്ള യാത്രകളുടെ വിവരങ്ങള്‍ വിശദമായി ശേഖരിച്ചു നല്‍കണം.
കൊറോണ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 14 ദിവസം മുറികളില്‍ തന്നെ കഴിയാന്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും വിവരം കൊറോണ കണ്ട്രോള് റൂമില്‍ അറിയിക്കുകയും ചെയ്യണം.
വിദേശ സഞ്ചാരികള്‍ പൊതു യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിനും താമസിക്കുന്ന പ്രദേശത്ത് പുറത്തിറങ്ങി നടക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹോട്ടലില്‍ നിന്നു തന്നെ വാഹനം ഏര്‍പ്പാടാക്കി നല്‍കണം.
ഹോട്ടലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള പരിശോധന ഇന്നലെ(മാര്‍ച്ച് 16) ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിശോധനാ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായ കിയോസ്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും സ്ഥാപിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം പ്രൊജക്ട് മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഡി.റ്റി.പി.സി സെക്രട്ടറി ഡോ.ബിന്ദു നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
932 യാത്രാക്കാരെ പരിശോധിച്ചു; അഞ്ചു പേര്‍ക്ക്
ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു
കോട്ടയം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളിലും കോട്ടയം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലുമായി ഇന്നലെ 932 യാത്രക്കാരുടെ ആരോഗ്യ പരിശോധന നടത്തി. ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവാണ് പ്രധാനമായും പരിശോധിക്കുന്നത്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്ക് വിധേയരായ അഞ്ചുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്കു പുറമെ യാത്രക്കാര്‍ക്ക് കൊറോണ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മരണങ്ങള്;
കൊറോണ ബാധ ഇല്ല
നെടുംകുന്നം സഞ്ജീവനി, കുറിച്ചി ജീവന് ജ്യോതി മാനിസികാരോഗ്യ കേന്ദ്രങ്ങളില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം സാമ്പിളുകളുടെ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മരിച്ച നാലു പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇവരുടേതുള്‍പ്പെടെ ഇന്നലെ ജില്ലയില്‍ ലഭിച്ച ഏഴു സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
ഹോം ക്വാറന്റയിനില്‍ 1301 പേര്
ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 1301 ആയി. ഇന്നലെ 122 പേര്‍ക്കൂ കൂടി പുതിയതായി ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കി. പത്തനംതിട്ട സ്വദേശിനിയായ യുവതിയെയും രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയെയുമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കഴിഞ്ഞിരുന്ന മൂന്നു പേരെ ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇപ്പോള്‍ ആകെ ഒന്‍പതു പേരാണ് നിരീക്ഷണത്തിലുള്ളത്.