ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകള്‍ക്ക് മാര്‍ച്ച് 31 നകം നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. പക്ഷിപ്പനി നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴിക്ക് ഒന്നിന് 100 രൂപയും ഇതിന് മുകളില്‍ പ്രായമുള്ള കോഴിക്ക് ഒന്നിന് 200 രൂപയും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ ഇനത്തിലും നഷ്ടപരിഹാരം നല്‍കും.
രോഗബാധ സ്ഥിരീകരിച്ച ഒരുകിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക നിയന്ത്രണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടേക്ക് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോവാനോ പാടില്ല. ഈ പ്രദേശങ്ങളിലെ കോഴിക്കടകള്‍ അടച്ചിടുന്നത് തുടരും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കടകളില്‍ സൂക്ഷിച്ച കോഴികളെ വില്‍പന നടത്താം. സംസ്‌കരിച്ച ചിക്കന്‍ വില്‍പന നടത്തുന്നതിനും നിയന്ത്രണമില്ല. പുറത്ത്‌ നിന്ന്‌ ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോവാനോ പാടില്ല.
അരുമ പക്ഷികളെ നശിപ്പിച്ച ഇനത്തില്‍ ഉടമകള്‍ക്ക് നിലവിലുള്ള നിരക്കില്‍ നഷ്ടപരിഹാരം നല്‍കും. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പക്ഷിപ്പനി പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. പരിശോധന നടത്തിയ കേന്ദ്ര സംഘം പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിലേക്ക് പക്ഷിപ്പനി പടന്ന സാഹചര്യം ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ തുടരും. 14 ദിവസം ഇടവിട്ട് സാമ്പിളുകള്‍ ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. മുഴുവന്‍ പരിശോധന ഫലങ്ങളും നെഗറ്റീവായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കൂ. ഒരു മാസം കഴിഞ്ഞ് ഇക്കാര്യത്തില്‍ വീണ്ടും അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.