സംസ്ഥാനത്തെ മൂവായിരം പാലങ്ങള്‍ പരിശോധിച്ച സാഹചര്യത്തില്‍ അറ്റകുറ്റപണി നടത്തേണ്ട 146 പാലങ്ങള്‍ എത്രയും വേഗം പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച ഇടയ്ക്കിടം – കടയ്‌ക്കോട് റോഡ് സമര്‍പ്പണവും അറക്കടവ് പാലത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാലങ്ങളുടെ മാത്രം മേല്‍നോട്ടത്തിനും പരിപാലനത്തിനുമായി പൊതുമരാമത്ത് വകുപ്പില്‍ ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള വിദഗ്ധനെ ചുമതലപ്പെടുത്തി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈടുറ്റ നിര്‍മാണം ഉറപ്പാക്കും.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി 1001 കോടി രൂപയുടെ പൊതുമരാമത്ത് വികസനം നടപ്പിലാക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം തടസമാണ്. ചട്ടങ്ങള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍മാര്‍ പാറ പൊട്ടിക്കുന്നതിന് അനുമതി നല്‍കി വികനപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പി. അയിഷാപോറ്റി എം. എല്‍. എ അധ്യക്ഷയായി. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കൊട്ടാരക്കര ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി. ഗിരിജകുമാരി, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിം ലാല്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.