ഇടുക്കി: കൈകള്‍ ശുചിയാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച  ബ്രേക്ക് ദ ചെയ്ന്‍’  ബോധവത്കരണപരിപാടിക്ക് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എച്ച് ദിനേശനും ജില്ലാ പോലീസ് മേധാവി പി.കെ മധുവും ഓഫീസിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പായി കൈ കഴുകി പ്രചരണ പരിപാടിക്ക് തുടക്കമിട്ടു. കളക്ട്രേറ്റിലെത്തുന്ന പരാതിക്കാര്‍, പൊതുജനങ്ങള്‍, പുറത്തു പോയി വരുന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരും ഓഫീസില്‍  പ്രവേശിക്കുന്നതിന് മുന്‍പ്   കൈകള്‍ വൃത്തിയാക്കുവാന്‍ നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

കാമ്പയിന്റെ ഭാഗമായി കലക്ടറേറ്റ് പ്രവേശനവാതിലിനു സമീപം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൈകള്‍ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ കൈകള്‍ ശുചിയാക്കിയതിനുശേഷം മാത്രമേ ഓഫീസുകളില്‍ പ്രവേശിക്കാവൂ. ഇതിനായുള്ള സോപ്പും വെള്ളവും സാനിറ്റൈസറും ജീവനക്കാര്‍ കലക്ടറേറ്റില്‍ ഒരുക്കി.

കൈ കഴുകി വ്യക്തി ശുചിത്വം പാലിച്ച് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം. സര്‍ക്കാര്‍-സര്‍ക്കാരിതര ഓഫീസുകളില്‍ ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനു മുമ്പ് ഹാന്‍ഡ് സാനിറ്റൈസറോ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും  ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.