ഇടുക്കി: കൊറോണ ഭീതി അകറ്റുന്നതിനായി പോലീസ് ഉദ്യോഗസ്ഥന്‍ രചിച്ച് പുറത്തിറക്കിയ കവിത വൈറലാകുന്നു. കമ്പംമെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുനില്‍ കുമാറാണ് കരുതല്‍ എന്ന കൊറോണ ബോധവത്ക്കരണ കവിത രചിച്ചത്. കൊറോണ വൈറസ് ചൈനയില്‍ തുടങ്ങി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരും കൊറോണ പ്രതിരോധ – മുന്‍കരുതലുകള്‍ കാമ്പയിനുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ വലിയ തോതില്‍ പ്രചാരണം നല്കി വരുന്നു. ഈ അവസരത്തിലാണ് സി ഐ ജി. സുനില്‍കുമാര്‍ ജനങ്ങളുടെ ഇടയിലുള്ള ആശങ്ക അകറ്റാനും ബോധവല്‍ക്കരണത്തിനുമായി ‘കരുതല്‍ ‘ – നിനക്കും നിന്നിലൂടെ എനിക്കും – എന്ന കവര്‍ പേജോടെ വേറിട്ട കവിത പുറത്തിറക്കിയത്.
പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറാണ് കവിത ആലപിച്ചിരിക്കുന്നത്. തിരക്കിട്ട ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ എഴുതിയ ഈ കവിത സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ കൈകഴുകല്‍, ചുമ – തുമ്മല്‍ എന്നിവയുള്ളപ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത്, രോഗബാധിത രാജ്യങ്ങളോ രോഗിയുള്ള പ്രദേശമോ സന്ദര്‍ശിച്ചവര്‍ ആരോഗ്യ വകുപ്പിനെ യഥാസമയം അറിയിക്കുക, സ്വയം നിരീക്ഷണത്തിലാകുക തുടങ്ങിയവയെല്ലാം കവിതയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കട സി.ഐ ആയിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ജൂലൈയിലാണ് കമ്പംമെട്ടില്‍ ചാര്‍ജേറ്റെടുത്തത്. ചെറുപ്പം മുതല്‍ കവിതകളും സംഗീതവും എഴുതുന്ന പത്തനംതിട്ട അടൂര്‍ ഭാവയാമി വീട്ടില്‍ സുനില്‍ കുമാറിന്റെ നിരവധി ആല്‍ബങ്ങളുടെ സിഡി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ കലിപ്പ്, ഉടന്‍ പുറത്തിറങ്ങുന്ന ഇടം എന്നീ സിനിമകളില്‍ ഗാനങ്ങളെഴുതിയിട്ടുണ്ട്. പ്രധാനമായും മഴ മേഘമറിയാതെ, ശിവ ഭദ്ര, എന്റെകാവ്, നിലാ പൂക്കള്‍, ശിവപഞ്ചാക്ഷരി, ബുദ്ധഭൂമി എന്നീ ആല്‍ബങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
കൊറോണ ഭീതി പരത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ‘കരുതല്‍ ‘ എന്ന് പേര് നല്കിയിരിക്കുന്ന ഈ കവിത ജനങ്ങളുടെ ആശങ്ക അകറ്റുവാന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ നിയമപാലകന്‍. കവിതയിലൂടെ പൊതു ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ബോധവത്ക്കരണവും നല്കിയതിനു പുറമെ തന്റെ പ്രവര്‍ത്തന മേഖല, അതിര്‍ത്തി പ്രദേശമായതുകൊണ്ടുതന്നെ കമ്പംമെട്ടില്‍ അതിര്‍ത്തി കടന്നെത്തുന്ന എല്ലാവരെയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഇന്‍ഫ്രാറെഡ്‌തെര്‍മല്‍ സ്‌ക്രീനിംഗും കൈ കഴുകല്‍ ക്യാമ്പയിനിംഗും ചെയ്ത ശേഷമാണ് തുടര്‍യാത്ര അനുവദിക്കുന്നത്.