കോഴിക്കോട് ജില്ലയിൽ 19ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരും. ജില്ലയിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും  നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് നാല് വരെയെങ്കിലും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം.

പകൽ 11 മുതൽ നാല് വരെയുള്ള സമയത്ത് നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. ശുദ്ധജലം ധാരാളം കുടിക്കണം. കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളെടുത്ത് വേണം ജോലിയിൽ ഏർപ്പെടേണ്ടത്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർ പുറത്തിറങ്ങരുത്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടൻ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം. അസ്വസ്ഥത അനുഭപ്പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ  നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം.

ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.