കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 6 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കണ്ണൂരില്‍ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള 5 പേരുടെയും മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള ഒരാളുടെയുമാണ് പരിശോധന ഫലം ലഭിക്കാനുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരും, വിദേശത്തു നിന്നെത്തിയവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് നിരീക്ഷണകാലം പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ സ്‌ക്രീനിംഗില്‍ 1787 വാഹനങ്ങളിലെത്തിയ 4868 യാത്രക്കാരെ പരിശോധിക്കുകയും പനി കണ്ടെത്തിയ 8 യാത്രക്കാരില്‍ 6 പേരെ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുക്കുകയും ചെയ്തിട്ടുണ്ട്. പനി, ജലദോഷം, ചുമ , തൊണ്ടവേദന, ശ്വാസ തടസ്സം എന്നീ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിലോ ക്ലിനിക്കിലോ സന്ദര്‍ശിക്കരുതെന്നും അവര്‍ പറഞ്ഞു.
