കൊച്ചി: സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ, സംസ്ഥാന പട്ടികജാതി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വിദേശ തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ നൽകുന്നതിന് അർഹതയുളള പട്ടികജാതികവിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ നൽകുന്നതിനു ഓഫർ ലെറ്റർ ലഭിച്ചിട്ടുളളവരും ആയിരിക്കണം. സർക്കാരിന്റെ പ്രൊട്ടക്റ്റർ ജനറൽ ഓഫ് എമിഗ്രന്റ്സ്, പെർമിറ്റ് നൽകിയിട്ടുളള തൊഴിൽ ദാതാക്കളോ അഥവാ റിക്രൂട്ട്മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴിൽ ലഭിച്ചു പോകുന്നവരുടെ അപേക്ഷകൾ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയൂളളൂ. മാത്രമല്ല നോർക്ക റൂട്ട്സ്, ODEPEC എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് പദ്ധതിയിൽ മുൻഗണന നൽകും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18 വയസു മുതൽ 55 വയസു വരെയുളള പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം. കൂടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ അധികരിക്കാൻ പാടില്ല. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതിൽ ഒരു ലക്ഷം രൂപവരെ സബ്സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുളള വർക്ക് എഗ്രിമെന്റ്, വിസ, പാസ്പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0484-2302663.