പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് സമ്മേളനം കോവിഡ് 19പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി വെബ്കാസ്റ്റിംഗിലൂടെ ജനങ്ങളിലെത്തിച്ചു.  രാവിലെ 11.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് 2020-2021 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.  സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സമ്മേളനം ക്രമീകരിച്ചത്.
 ജനപ്രതിനിധികളും ജീവനക്കാരും മാത്രമാണ് പങ്കെടുത്തത്.  ഹാളില്‍ എത്തിയവരുടെ കൈകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി.  ഒരുമീറ്റര്‍ അകലത്തില്‍ ക്രമീകരിച്ച കസേരകളിലാണ് എല്ലാവരും ഇരുന്നത്.
 വേദിയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്ക് മാത്രമാണ് ഇരിപ്പിടം ഒരുക്കിയത്. അതും ഒരു മീറ്റര്‍ അകലം പാലിച്ചായിരുന്നു.
ഈശ്വര പ്രാര്‍ഥന, സ്വാഗതം എന്നിവയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് പ്രസംഗം നടത്തി.  പിന്നീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബജറ്റ് പത്രിക അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോള്‍ ആശംസകള്‍ നേര്‍ന്നു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ഇമ്മാനുവേല്‍, സെക്രട്ടറി പി.കെ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.  45 മിനിറ്റു കൊണ്ട് സമ്മേളനം അവസാനിപ്പിച്ചു.