ആലപ്പുഴ : കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർക്കായ് വിപുലമായ സുരക്ഷ സൗകര്യങ്ങളാണ് ജില്ലയിലെ ഐസൊലേഷൻ വാർഡുകളിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ ജില്ലയിൽ നാല് ഐസൊലേഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി , ആലപ്പുഴ ജനറൽ ആശുപത്രി , ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിലവിൽ ഉള്ളത്. വണ്ടാനം മെഡിക്കൽ കോളേജിൽ പതിനൊന്നും, കായംകുളം താലൂക് ആശുപത്രിയിൽ പത്തും , ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇരുപത്തിയേഴും, ആലപ്പുഴ ജനറൽ ആശുപത്രിയിൽ പതിനൊന്നും ബെഡുകളുമാണ് ഐസൊലേഷൻ വാർഡുകൾ വീതമാണ് സജ്ജീകരിച്ചിരിച്ചിട്ടുള്ളത് .

അടിയന്തര സാഹചര്യത്തിൽ കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി നാല് സർക്കാർ സ്ഥാപനങ്ങളും, 8 സ്വകാര്യ സ്ഥാപനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.തിരഞ്ഞെടുത്ത സർക്കാർ സ്ഥാപനങ്ങളിൽ നാല്പത്തിയൊന്നും സ്വകാര്യസ്ഥാപനങ്ങളിൽ 123 ബെഡുകൾ വീതവുമാണ് സജ്ജമാക്കിയിരിക്കുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി പറഞ്ഞു

ഐസൊലേഷൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തികൾക്കും ശുചിമുറി സൗകര്യങ്ങളോടു കൂടിയ പ്രത്യേക മുറികളാണ് ഒരുക്കിയിട്ടുള്ളത് . പോഷകാഹാരവും മികച്ച പരിചരണവുമാണ് നിരീക്ഷണത്തിലുള്ളവർക്കു നൽകുന്നത്.

ഐസൊലേഷൻ വാർഡുകളിലേക്കു നിയോഗിച്ച ഡോക്ടർമാർ, നഴ്‌സുംമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർ 24 മണിക്കൂറും പ്രവർത്തന സജ്ജമായി ഐസൊലേഷൻ വാർഡുകളിലുണ്ട്. മാസ്ക്ക് , പി. പി. ഇ(പേർസണൽ പ്രൊട്ടക്റ്റീവ് കിറ്റ് ) കിറ്റും അടക്കമുള്ള സുരക്ഷ സവിധാനത്തോടെയാണ് ഇവർ രോഗികളുമായി ഇടപഴകുന്നത്. റൂമുകൾ ദിനം പ്രതി അണുനാശനികൾ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്.പുതപ്പുകളും ബെഡ്ഷീറ്റുകളും മാറ്റുകയും ചെയ്യുന്നുണ്ട്. രോഗികൾ ഉപയോഗിച്ച പാത്രങ്ങളെ അടക്കമുള്ള വസ്തുക്കൾ ശ്രദ്ധയോടെയാണ് ശുചീകരിക്കുന്നത്. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവർക്ക് സെൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചവരെ 14 ദിവസത്തെ നീരിക്ഷണത്തിൽ പരിശോധനയിൽ നെഗറ്റീവ് കാണുന്നതോടെയാണ് ഡിസ്ചാർജ് ചെയ്യുന്നത്.

പനിയും,ചുമയുമായി എത്തുന്ന രോഗികള്‍ യാത്രാ ചരിത്രം ഉണ്ടെങ്കില്‍ ജനറൽ ഒ. പി യിൽ സന്ദർശനം ഒഴിവാക്കി ഐസൊലേഷൻ വാർഡിലേക്ക് എത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം അടങ്ങിയ സൂചന ബോർഡുകൾ ആശുപത്രികളുടെ എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.