പട്ടയത്തിന്റെ നിയമസാധുത  കോടതി തീരുമാനത്തിനനുസരിച്ച്
വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  വിവിധരാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി.പി. സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഭജനമഠത്തിനു സമീപം സ്ഥാപിച്ച ബോര്‍ഡും സമരപ്പന്തലും ഒഴിപ്പിക്കും. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിര്‍ത്തും.  വഴി നടക്കാനും മൈതാനത്ത് കളിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും. മൈതാനത്തില്‍ നടക്കുന്ന ആഘോഷങ്ങളും പൊതു ചടങ്ങുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം.
പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമ്പോള്‍ നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത സാമുദായിക സംഘടനകളോ രാഷ്ട്രീയകക്ഷികളോ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വടയമ്പാടിയിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. പ്രത്യേകപരിഗണന ആരോടും ഉണ്ടാവില്ല.
 സ്ഥലത്തെ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തര്‍ക്കം മുതലെടുക്കാനുള്ള തത്പരബാഹ്യകക്ഷികളുടെ ഇടപെടല്‍ അനുവദിക്കില്ല.
വടയമ്പാടി മൈതാനത്തെ അവകാശങ്ങളെക്കുറിച്ചുള്ള സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വടയമ്പാടിയില്‍ ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പോലീസിന് സംഘാടകരുടെ അറിയിപ്പ് ലഭിച്ചിട്ടില്ല. സംഘാടകരായ ദളിത് ഭൂസംരക്ഷണ സമിതിയെ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ എത്തിച്ചേര്‍ന്നില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമുദായിക സംഘടന നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.