ജനങ്ങൾക്ക് ഭരണ നടപടികളിൽ ഫലപ്രദമായി ഇടപെടാനും അവരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനും കഴിയണമെങ്കിൽ ഭരണനിർവഹണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ക്ഷീരവികസന-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഔദ്യോഗിക ഭാഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017ലെ സർക്കാരിന്റെ മലയാള ഭാഷാപഠന ആക്ട് വളരെ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചത്. നിയമം രൂപപ്പെടുത്തിയെങ്കിലും അതിന്റെ നിർമാണത്തിനായി ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല എന്നതൊരു പോരായ്മയാണ്. മലയാള ഭാഷാ പഠനത്തിനായുളള ചട്ടങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കാനാ ണ് ഉദ്ദേശിക്കുന്നത്. സർക്കാർ ഇംഗ്ലീഷിനോ ന്യൂനപക്ഷഭാഷകൾക്കോ സർക്കാർ എതിരല്ല. മാതൃഭാഷ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാവുന്ന ഏക സംസ്ഥാനം കേരളമാണ്. ആ സ്ഥിതി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. ഔദ്യോഗിക ഭാഷാ ആക്ട് പാസായെങ്കിലും പൂർണമായും ഭരണഭാഷ മലയാളമായിട്ടില്ല. ഇംഗ്ലീഷ് ഉപയോഗിക്കേണ്ട അവശ്യ സാഹചര്യങ്ങൾ ഒഴിച്ചുളള ഘട്ടങ്ങളിൽ മലയാളം കർശനമായി ഉപയോഗിക്കണമെന്ന നിർദ്ദേശം ചിലരെങ്കിലും പാലിക്കുന്നില്ല. നിയമം അടിച്ചേൽപ്പിച്ചല്ല മലയാളം ഭരണഭാഷ ആക്കേണ്ടതെങ്കിലും മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാരിന് മടിയില്ല. ഏതു രാജ്യത്തെയും ഭാഷയുടെ വികസനവും ഭരണഭാഷാ വികസനവും പരസ്പര പൂരകമാണ്. മാതൃഭാഷാപഠനം ഭരണഭാഷാ വികാസത്തെയും വ്യാപനത്തെയും ക്രമാനുഗതമായി സഹായിക്കുന്നതാണ്. ഭാഷാപഠനത്തിനും ഭരണഭാഷാമാറ്റത്തിനും ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കും.
വിവരാവകാശം നിയമം പോലുളള പൊതുതാല്പര്യ നിയമങ്ങൾ ഉളളതിനാൽ ഉദ്യോഗസ്ഥർ ഫയലുകളിൽ രേഖപ്പെടുത്തുന്ന കുറിപ്പ് എന്താണെന്ന് പൊതുജനങ്ങൾക്ക് അറിയാൻ കഴിയും. അത് അവർക്കു മനസിലാകുന്ന ഭാഷയിലാകണം. അതിനാൽ കുറിപ്പുകൾ മലയാളത്തിൽതന്നെ വേണം. ഉത്തരവുകളും മലയാളത്തിൽ തന്നെയാകണം. സെക്രട്ടറിയേറ്റ് ഉൾപ്പടെ ഭരണനിർവഹണ കേന്ദ്രങ്ങളിൽ നിന്നുളള ഉത്തരവുകൾ മലയാളത്തിലായിരിക്കാൻ വകുപ്പു തലവൻമാർ ശ്രദ്ധ ചെലുത്തണം. എന്നാൽ അന്തർസംസ്ഥാന ഫയലുകളും കേന്ദ്രവുമായുളള കത്തിടപാടുകളും ഇംഗ്ലീഷിൽ മാത്രമേ സാധ്യമാകൂ. ഭാഷാ ന്യൂനപക്ഷങ്ങളും ഇവിടെയുളളതിനാൽ ഭരണഭാഷാ മലയാളമാക്കുമ്പോൾ ചില പരിമിതികളും ഉണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത്ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി സ്വാഗതം പറഞ്ഞു. ഔദ്യോഗിക ഭാഷാവകുപ്പ് ജോയിന്റ് സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയിൽ കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തിൽ ഭാഷാവിദഗ്ധനായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ പ്രഭാഷണം നടത്തി. ഔദ്യോഗിക ഭാഷാമാർഗരേഖകൾ എന്ന വിഷയത്തിൽ ആർ.എച്ച് ബൈജു സംസാരിച്ചു. തുടർന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഭാഷാവിദഗ്ധൻ ആർ. ശിവകുമാറിന്റെ നേതൃത്വത്തിൽ ചർച്ചയും നടന്നു.
