മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 858 പേര്‍ക്കു കൂടി ഇന്നലെ (മാര്‍ച്ച് 21) മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,018 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് 19 മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു.

പത്തു പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. 6,993 പേര്‍ വീടുകളിലും 15 പേര്‍ കോവിഡ് കെയര്‍ സെന്ററിലുമാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

ജില്ലയില്‍ നിന്നു വിദഗ്ധ പരിശോധനക്കായി അയച്ച 317 സാമ്പിളുകളില്‍ 293 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 291 പേര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി. 23 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 121 പേരെ ഇന്നലെ (മാര്‍ച്ച് 21) പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള രണ്ടു വൈറസ് ബാധിതരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപിടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ദ്രുത കര്‍മ്മ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവര്‍, പൊലിസ് ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങി 220 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 21) പ്രത്യേക പരിശീലനം നല്‍കി. ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പരിശീലനവും ബോധവത്ക്കരണ ക്ലാസുകളും.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. അസ്മ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. കെ. പുഷ്പ തുടങ്ങിയവര്‍ കോവിഡ് 19 ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.