ഇടുക്കി: കോവിഡ്- 19 പ്രതിരോധ ഭാഗമായുള്ള ജനതാ കർഫ്യൂ ഹൈറേഞ്ചിന്റെ  വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെ നിശ്‌ചലമാക്കി. സ്വയം നിയന്ത്രണം പാലിക്കാന്‍ ജനങ്ങള്‍ തയാറായതോടെ   നാടും നഗരവും  വിജനമായി.     ആളനക്കമില്ലാത്ത  റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളുമാണ്‌ ഹൈറേഞ്ചിൽ എവിടെയും  കാണാൻ കഴിയുക.  ഹര്‍ത്താലിനും മ്റ്റും കാണുന്ന    ഇരുചക്രവാഹനങ്ങള്‍ പോലും ആരും നിരത്തിലിറക്കിയില്ല.   തിരക്കേറിയ കട്ടപ്പന പോലുള്ള  പട്ടണങ്ങൾ ആളും അനക്കവുമില്ലാതെയായി.  ഓട്ടോറിക്ഷകളും ടാക്സികളും പൂര്‍ണമായും ഒതുക്കി.
മിക്കവരും  കുടുംബാംഗങ്ങളോടൊത്ത്‌ സമയം ചെലവഴിക്കുകയാണ്‌.  എന്നാൽ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പുതിയ ബസ്‌ സ്ററാൻഡും പരിസരവുമാണ്‌ ശുചീകരിച്ചത്‌. ആരാധനാലയങ്ങളിൽ ഭക്തർക്ക്‌ നിയന്ത്രണം  മുമ്പേ ഏർപ്പെടുത്തിയിരുന്നു. മിക്ക ക്ഷേത്രങ്ങളിലും ഭക്തർക്ക്‌ വിലക്കുമേർപ്പെടുത്തി. പള്ളികളിൽ ഞായറാഴ്‌ചകളിലെ കുർബാനയും മാറ്റിയിരുന്നു. ഇന്നലത്തെ കുർബാനയിൽ വൈദികർ മാത്രമാണ്‌ പങ്കെടുത്തത്‌. നവ മാധ്യമങ്ങളിലൂടെയും പ്രദേശീക ചാനലുകളിലൂടെയും ലൈവ്‌ വിടുകയും ചെയ്‌തു. മുസ്‌ലീം പള്ളികളിലെ നിസ്‌കാരവും നിർത്തിവച്ചിരുന്നു.  തോട്ടം മേഖലകളിലും  വിജനമായിരുന്നു.