കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം. പക്ഷി-മൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വൈറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കണം.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകൾ എഴുതി പ്രദർശിപ്പിക്കണം.

പ്രതിരോധ കുത്തിവെയ്പ്പുകൾ, പൊതുവായുള്ള ആരോഗ്യപരിശോധന, കൃത്രിമ ബീജദാനം, ഗർഭ പരിശോധന, അടിയന്തര പ്രാധാന്യമില്ലാത്ത സേവനങ്ങൾ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടി വെയ്ക്കണം. ജലദോഷം, തുമ്മൽ രോഗ ലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്തിടപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും മൃഗാശുപത്രിയിൽ വരരുത്. ഫാം/ തൊഴുത്തും പരിസരവും വൃത്തിയായും അണുമുക്തമായും സൂക്ഷിക്കുക. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിർബന്ധമായും പാലിക്കണം.