പുഴയില്‍ ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തില്‍ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. അതിനു പുറമെ തീയും പിടിച്ചു. ദുരന്തങ്ങള്‍ക്ക് നടുവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ഗ്രാമം. ദുരന്തമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സും സര്‍വ സന്നാഹങ്ങളും കുതിച്ചെത്തി. കേട്ടവര്‍ കേട്ടവര്‍ കാര്യമെന്തന്നറിയാതെ ഗ്രാമക്കവലകളിലേക്കൊഴുകി.  പുഴയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ അഗ്നിരക്ഷാ സേനയും ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും കര്‍മ്മനിരതരായി. പ്രദേശമാകെ സംഭവമറിഞ്ഞ് വലിയ അള്‍ക്കൂട്ടം. ജില്ലാ ദുരന്തനിവാരണ ലഘൂകരണ അതോറിറ്റിയും വൈത്തിരി താലൂക്ക് ഓഫീസും ചേര്‍ന്ന സംഘടിപ്പിച്ച മോക്ക് ഡ്രില്ലാണ് ആള്‍ക്കൂട്ടത്തെ ഒരു മണിക്കൂറോളം ആശങ്കയുടെ  മുള്‍മുനയിലെത്തിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുന്ന തുരുത്തുകളുള്ള കോട്ടത്തറ ഗ്രാമത്തില്‍ ഈ ദുരന്തങ്ങളെയെല്ലാം  എങ്ങനെ നേരിടാമെന്നും, ഈ സാഹചര്യങ്ങളില്‍ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്താമെന്നും തെളിയിക്കുന്നതായിരുന്നു മോക്ക് ഡ്രില്‍. ഡിസാസ്റ്റര്‍ മാനേജമെന്റ് വളണ്ടിയര്‍മാര്‍, റെഡ്‌ക്രോസ് അംഗങ്ങള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദുരന്തമുഖത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും കാഴ്ചക്കാരില്‍ പുതിയ അറിവു പകര്‍ന്നു. അപകട സ്ഥലത്ത് ഡോക്ടര്‍മാരുടെയും മറ്റു സര്‍ക്കാര്‍ സംവിധാനത്തിന്റെയും ഇടപെടലും മോക്ക് ഡ്രില്ലില്‍ പരിചയപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുന്ന വീടുകളില്‍ നിന്നും താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതും അവര്‍ക്ക് അടിയന്തര ശിശ്രൂഷകള്‍ നല്‍കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു.
കോട്ടത്തറ കമ്മ്യുണിറ്റി ഹാളിന് സമീപത്തെ വയലില്‍ തയ്യാറാക്കിയ കുടിലിന് തീകൊടുത്താണ് എങ്ങനെ തീപിടുത്തം നേരിടാമെന്ന് വിശദീകരിച്ചത്. ആളിക്കത്തുന്ന തീ അണയ്ക്കാന്‍ ഏറ്റവും പുതിയ ഉപകരണങ്ങളുമായി അഗ്നിശമന സംവിധാനത്തെ ഇവിടെ തയ്യാറാക്കിയിരുന്നു. ദുരന്തങ്ങളെ എങ്ങിനെ ലഘൂകരിക്കാമെന്നും ദുരന്ത മേഖലകളില്‍ എങ്ങനെ ജാഗ്രത പുലര്‍ത്താം എന്നെല്ലാം വിശദമാക്കുന്ന മോക്ക് ഡ്രില്‍ ഗ്രാമത്തിനും പുതുമയായി. ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് വി.എന്‍.ഉണ്ണികൃഷ്ണന്‍ ,  വൈത്തിരി തഹസില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി, കളക്ട്രേറ്റിലെ ദുരന്ത നിവാരണ സെല്‍ ജീവനക്കാര്‍, വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി.