കാസര്‍കോട് ധന്വന്തരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന സമര്‍ത്ഥരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസും ബേധവല്‍ക്കരണ ക്ലാസും വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ അനുമോദിച്ച് 234 വിദ്യാര്‍ത്ഥികള്‍ക്ക് പ്രേത്സാഹന സമ്മാനവും നല്‍കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ടിഐഎച്ച്എസ്എസിലെ അധ്യാപകനും ജേസീസ് അന്താരാഷ്ട്ര പരിശീലകനുമായ വി വേണുഗോപാല്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുള്‍ റഹിമാന്‍ കുട്ടി എന്നിവര്‍ ക്ലാസെടുത്തു. ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അനന്തകൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അരവിന്ദാക്ഷന്‍, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നാഗവേണി , നിര്‍മ്മല്‍ റോയി എന്നിവര്‍ സംസാരിച്ചു.