സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകള്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാസഹായം ചെയ്തു വരുന്നു. ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും കേരള സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ അനുവദിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹത്തിനും ഈ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന് വളരെ ലളിതമായ രീതിയില്‍ വായ്പ ധന സഹായം അനുവദിക്കുന്നതിന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്‍ വായപാ മേളകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സ്വയം തൊഴില്‍ വായ്പ മേളയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ നിര്‍വഹിച്ചു. വനിതകള്‍ക്ക് വിവിധ മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് വേണ്ടി അരകോടി രൂപയില്‍ അധികം തുക വിതരണം ചെയ്തു.
വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടേയും സംസ്ഥാന സര്‍ക്കാറിന്റെയും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതുവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കും വളരെ ലളിതമായ പലിശനിരക്കില്‍ കുടുംബശ്രീകള്‍ക്കും സ്വയം തൊഴില്‍വായ്പ നല്‍കുന്നത്. വിവിധ പദ്ധതികളില്‍ അഞ്ഞൂറോളം അപേക്ഷകള്‍ ലോണ്‍ മേളയില്‍ വിതരണം ചെയ്തു. ചടങ്ങില്‍ 750 ലധികം ആളുകള്‍ പങ്കെടുത്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി അദ്ധ്യക്ഷത വഹിച്ചു. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ പി.സി.സുബൈദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ബിന്ദു.കെ.വി , ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് മെമ്പര്‍ സാഹിദ സഫറുളള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമിത്ര യൂ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുനീറ, പീലിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി.രാഘവന്‍, ഹേമപാലന്‍ (ട്രെയിനര്‍), പത്മനാഭന്‍ , വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍ മുനീര്‍, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു എന്നിവര്‍ പങ്കെടുത്തു.