സംസ്ഥാനത്ത് പൊതു / സ്വകാര്യ മേഖലകളിൽ എവിടെയെങ്കിലും നിലവിൽ സമരം, ലോക്കൗട്ട് എന്നിവ നിലനിൽക്കുന്നുണ്ടെങ്കിൽ കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ അത് പിൻവലിക്കുന്നതിന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സർക്കുലർ വഴി നിർദേശം നൽകി. തൊഴിൽ മേഖലയിൽ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാൻ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികൾ സ്വീകരിക്കണമെന്നും ലേബർ കമ്മീഷണർ നിർദേശിച്ചു.

കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു / സ്വകാര്യ മേഖലയിലെയും നിർമ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയർ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും പാലിക്കേണ്ട നടപടിക്രമങ്ങൾ  സംബന്ധിച്ച്  പുറത്തിറക്കിയ 24.03.2020 -ലെ 11/2020 സർക്കുലറിൽ തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.  ഇതിന്റെ തുടർച്ചയാണ് പുതിയ സർക്കുലർ.