പത്തനംതിട്ട: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ക്കുള്ള വ്യക്തമായ നിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഇത് പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനം വഴി ഉറപ്പാക്കും. അവശ്യഘട്ടത്തില്‍ മാത്രം സ്വകാര്യ വാഹനം ഉപയോഗിക്കാവൂ. ആശുപത്രിയില്‍ പോകുന്നതിനും മരുന്നുകള്‍ വാങ്ങുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങിയ അടിയന്ത സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാം.
ഈ യാത്രയിലും നിശ്ചിത ആളുകള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. വീടുകളില്‍ കഴിയാന്‍ നിര്‍ദേശമുള്ളതിനാല്‍  ബന്ധുവീട്ടിലും സുഹൃത്ത് വീട്ടുകളിലും അയല്‍പക്കത്തെ വീടുകളില്‍ ഉള്‍പ്പെടെ പോകുന്നത് ഒഴിവാക്കണം. ഇത്തരംകാര്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തരഘട്ടത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി  സത്യവാങ്മൂലം കൈയ്യില്‍ കരുതാന്‍ നിര്‍ദേശമുണ്ട്. എവിടെ പോകുന്നു, എന്തിന് പോകുന്നു ഉള്‍പ്പെടെ ഇതില്‍ വ്യക്തമാക്കണം. ജില്ലാ അതിര്‍ത്തിയിലുള്ള സ്‌ക്വാഡിന്റെ പരിശോധനയുടെ പ്രധാന ഉദ്ദേശം ഒരാളും ജില്ലാ അതിര്‍ത്തിവിട്ട് അനാവശ്യമായി പുറത്തിറങ്ങുന്നില്ല എന്നു ഉറപ്പുവരുത്തുന്നതിനാണ്.
അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് യാത്രാനിയന്ത്രണം ഇല്ല. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചു നല്‍കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
കോവിസ് 19: ജില്ലയില്‍ 80 വാഹനങ്ങളിലായി അനൗണ്‍സ്‌മെന്റ് ആരംഭിച്ചു
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനു പൊതുജനങ്ങളിലേക്കു നിര്‍ദേശങ്ങള്‍ എത്തിക്കാന്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള(എല്‍.എസ്.ഡബ്ല്യൂ.എ.കെ) ജില്ലാ ഘടകത്തിന്റെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഓടിത്തുടങ്ങി.
എല്‍.എസ്.ഡബ്ല്യൂ.എ.കെ നല്‍കിയ 80 അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലൂടെ കേള്‍പ്പിക്കുന്നതിനുള്ള സിഡി കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ  കളക്ടര്‍ പി.ബി നൂഹ് എല്‍.എസ്.ഡബ്ല്യൂ.എ.കെ സംസ്ഥാന വക്താവ് എ.വി.ജോസിന് കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും കൊറോണയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളാണ് അനൗണ്‍സ്‌മെന്റിലുള്ളത്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടു വാഹനങ്ങള്‍ വീതം അനൗണ്‍സ്‌മെന്റ് നടത്തും. ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്എം ഡിപിഎം: ഡോ.എബി സുഷന്‍, എല്‍.എസ്.ഡബ്ല്യൂ.എ.കെ ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പ്, ജില്ലാ സെക്രട്ടറി ബി.പ്രേംജിത്ത്, ജില്ലാ ട്രഷറര്‍ ഇ.ജെ ജോബ് എന്നിവര്‍ ഫ്‌ലാഗ് ഓഫിന് നേതൃത്വം നല്‍കി.