ജില്ലയിലെ എല്ലാ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇത് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ താലൂക്ക് സ്‌ക്വാഡുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ തങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സ്‌ക്വാഡുകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സപ്ലൈസ് കോഡിനേഷന്‍ ടീം വിപണിയിലെ വിലകള്‍ അടിസ്ഥാനപ്പെടുത്തി ശരാശരി വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കും.
വിപണിയില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോകുകയാണെന്നും ലോക്ക്ഡൗണ്‍ മുതലെടുത്ത് അവശ്യസാധനങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.