കോവിഡ് 19 രോഗം പ്രതിരോധിക്കാന്‍ മനുഷ്യ സഞ്ചാരത്തിനും കൂട്ടം ചേരലിനും കര്‍ശന നിയന്ത്രണം വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നൂറ് ശതമാനം നടപ്പാക്കുകയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയെന്നും ഇതിനായി ഏവരുടെയും സഹകരണം വേണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോവിഡ് -19 അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ സന്നിഹിതനായിരുന്നു. പുറത്ത് നിന്ന് ജില്ലയില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ രോഗ ബാധ ഉണ്ടാകാതിരിക്കാനുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമായി അവര്‍ ഒത്ത്‌പോകണമെന്ന് മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം, കോട്ടോപ്പാടം സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാല്‍ കാരാക്കുറിശ്ശി സ്വദേശിയുടെ പ്രാഥമിക പട്ടികയില്‍ നൂറ്റിഅറുപതോളം പേരാണുള്ളത്. അതിനാല്‍ കാരാകുറുശ്ശിയില്‍ മനുഷ്യസാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. മണ്ണാര്‍ക്കാട് ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജീവന്‍ പണയം വെച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മനസ്സും ശരീരവും ജീവനും പ്രതിരോധ പ്രവര്‍ത്തനത്തിനായി നീക്കിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥ വരാനിരിക്കുന്ന വിപത്തിന്റെ ഒരു ചൂണ്ടുപലകയാണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി എ.കെ ബാലന്‍ ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലാഘവത്തോടെ കണ്ടാല്‍ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. തടവും ശിക്ഷയും ഉറപ്പുവരുത്തുന്ന നിയമമാണ് ഇത്. ഓര്‍ഡിനന്‍സില്‍ പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പ്രധാനപ്പെട്ടതാണ് അകല്‍ച്ചയും ശുചിത്വവും. ഇതുമായി ബന്ധപ്പെട്ട നടപടികളോട് പൂര്‍ണമായും സഹകരിക്കണമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. നിര്‍ദ്ദേശിച്ച കാലയളവില്‍ എല്ലാവരും ഐസുലേഷനില്‍ കഴിയുകയാണെങ്കില്‍ കോവിഡ് – 19 നെ പരാജയപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം ടി.വിജയന്‍ , അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഡി.എം.ഒ ഡോ. കെ.പി റീത്ത, ആരോഗ്യവകുപ്പ് അധികൃതര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.