കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനും സർക്കാർ ഏല്ലാകാര്യത്തിനും ഒപ്പമുണ്ടെന്ന് ഒന്നുകൂടി ഉറപ്പിച്ച് അറിയിക്കുന്നതിനുമാണ് സന്ദേശം. എല്ലാവരെയും മനസാലേ ചേർത്തുപിടിച്ചുകൊണ്ടാണ് ശാരീരിക അകലം പാലിക്കാൻ അഭ്യർഥിക്കുന്നതെന്ന് സന്ദേശത്തിലൂടെ അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഈ സന്ദേശം ആരോഗ്യപ്രവർത്തകരിലൂടെ നിരീക്ഷണത്തിലുള്ളവരിലെത്തിക്കും.
നിരീക്ഷണത്തിൽ കഴിയുന്ന രോഗം ഉണ്ടെന്ന് ഉറപ്പാക്കുന്ന ഘട്ടമായി കാണാതെ രോഗമില്ലെന്ന് ഉറപ്പാക്കുന്ന ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നിരീക്ഷണത്തിന് വിധേയനാവുക എന്നത് തന്നോടും തന്റെ പ്രിയപ്പെട്ടവരോടും ലോകരോടാകെത്തന്നെ ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണം. നിരീക്ഷണത്തിൽ വിധേയനാകുന്നത് വലിയൊരു ത്യാഗമനോഭാവത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതിഫലനവും വലിയൊരു കനിവും കരുതലുമുണ്ട്. ലോകത്തെയും ലോകരെയും രക്ഷിക്കുന്ന വലിയൊരു രക്ഷാദൗത്യവും അതിലുണ്ട്.
നിരീക്ഷണത്തോടു സഹകരിക്കാതിരുന്നാൽ തന്നെത്തന്നെയും സമൂഹത്തെയാകെത്തന്നെയും അപായപ്പെടുത്തുന്ന മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാകുമത്. സമൂഹവും വരുംകാലവും അനാസ്ഥകൊണ്ട് അപകടമുണ്ടാക്കിയ ആളെന്ന് അത്തരക്കാരെ വിലയിരുത്തും. അതിന് കാരണക്കാരായിക്കൂടാ.
നിരീക്ഷകാലത്തെ നല്ല ചിന്തകൾ കൊണ്ടും, നല്ല വായന കൊണ്ടും നല്ല മനോഭാവം കൊണ്ടും അർഥപൂർണമാക്കണം. വരാനിരിക്കുന്ന ജീവിതഘട്ടങ്ങളെക്കൂടി ക്രിയാത്മകവും ഊർജസ്വലവുമാക്കാൻ മാനസികബലം ആർജിക്കാൻ ഇതിനെ അവസരമാക്കണം.
ക്വാറൻൈറൻ എന്ന വാക്കിനെപ്പോലും കെയർ സെൻറർ എന്ന വാക്ക് കൊണ്ട് പകരം വെച്ചുനാം. അതിലുണ്ട് സർക്കാരിന്റെയും ജനങ്ങളുടെയും നിങ്ങൾക്ക് നേർക്കുള്ള കരുതൽ. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഒട്ടേറെ പ്രയാസങ്ങളും പരിമിതികളുമുണ്ട്. സാധാരണനിലയിലെ പണിയെടുക്കാനാകില്ല, വരുമാനമുണ്ടാകില്ല, ഭക്ഷണം, മരുന്ന്, മറ്റാവശ്യങ്ങൾക്കെല്ലാം പ്രയാസമുണ്ടാകും. അത് പരിഹരിക്കാനും ആവശ്യമായവർക്ക് സഹായങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവശ്യംവേണ്ടവർക്ക് തദ്ദേശസ്ഥാപനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷനുമായി ചേർന്ന് ഭക്ഷണമെത്തിക്കും.
ശാരീരിക അകലം പാലിക്കണമെന്ന് പറയുന്നത് മനസ്സാലേ ചേർത്തുപിടിച്ചുകൊണ്ടാണ് ഈ കരുതൽ സമൂഹത്തിന് വേണ്ടി അനുഷ്ഠിക്കുന്ന ത്യാഗപൂർണമായ സേവനമാണ്. എല്ലായ്‌പ്പോഴും സർക്കാർ ഒപ്പമുണ്ട്.
അതിവേഗം നിരീക്ഷണകാലം കഴിഞ്ഞ് പൂർണ ആരോഗ്യവാൻമാരായി സമൂഹത്തിൽ ഇറങ്ങാനാകട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ആരോഗ്യപ്രവർത്തകരിലൂടെ സന്ദേശം നിരീക്ഷണത്തിൽ ഉള്ളവരിൽ എത്തിക്കുന്നതിനൊപ്പം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കും.