ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക്/വ്യക്തിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു.  രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍ എസ്.പി.സി.എ കള്‍ ജന്തുക്ഷേമം ജീവചര്യയായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 30,000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് നല്‍കുന്നത്.  സംഘടനകള്‍ അവരുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുള്ള അപേക്ഷയില്‍ ജന്തുക്ഷേമ യൂണിറ്റിന്റെ പേര്, മേല്‍വിലാസം, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തനം, ആരംഭിച്ച തീയതി, 2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (രേഖകള്‍ സഹിതം) പ്രവര്‍ത്തിക്കുന്ന ജില്ല എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വ്യക്തികള്‍ അവരുടെ പേര്, മേല്‍വിലാസം, പ്രവര്‍ത്തനം ആരംഭിച്ച തീയതി, മുകളില്‍ വിവരിച്ചിട്ടുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. സംഘടനകള്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ് അംഗീകാരമുള്ളവയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.  വ്യക്തികള്‍ നല്‍കുന്ന അപേക്ഷ ബന്ധപ്പെട്ട തദ്ദേശ അധികാരി സാക്ഷ്യപ്പെടുത്തണം.
സംഘടന/വ്യക്തി സമൂഹത്തിന് ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് നല്‍കിയ അവബോധം സാക്ഷ്യപ്പെടുത്തുന്ന രേഖകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളവരെ പരിഗണിക്കുന്നതല്ല.  അപേക്ഷകള്‍ ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ട്രേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ഫെബ്രുവരി 15 ന് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.  കവറിനു മുകളില്‍ മികച്ച ജന്തുക്ഷേമ സംഘടന/വ്യക്തിക്കുള്ള അവാര്‍ഡിനുള്ള അപേക്ഷ എന്ന് എഴുതണം.