ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 – 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി. നിലവില്‍ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാനം വര്‍ദ്ധിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. ഐ. ജി. എസ്. ടി, എസ്. ജി. എസ്. ടി എന്നിവയിലെ ചോര്‍ച്ചയാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രവും കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച ”കേരളത്തിന്റെ സമ്പദ്ഘടന ജി. എസ്. ടിക്കു ശേഷം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊള്ളലാഭ വിരുദ്ധ നിയമം അനുസരിച്ച് 153 കമ്പനികള്‍ക്കെതിരെ പരിശോധന നടത്തി കേന്ദ്ര കൗണ്‍സിലിന് പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. വിപണിയില്‍ സാധന വില കുറയേണ്ടതാണെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇത് താത്കാലിക പ്രതിഭാസമാണെന്നും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വില കുറയുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജി. എസ്. ടിയും നോട്ടു നിരോധനവും ഏറ്റവുമധികം ബാധിച്ചത് ചെറുകിട വ്യവസായങ്ങളെയാണെന്ന് മന്ത്രി പറഞ്ഞു. ജി. എസ്. ടി വന്നതോടെ സംസ്ഥാനത്തിനുണ്ടായിരുന്ന നികുതി അധികാരം മാറി അത് ജി. എസ്. ടി കൗണ്‍സിലിനായി. ജി. എസ്. ടിയോടെ രാജ്യം മുഴുവന്‍ ഏകീകൃത നികുതി സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. ജി. എസ്. ടി ഉത്പാദന വര്‍ദ്ധനവിലേക്ക് നയിക്കുമെന്നാണ് തത്വമെങ്കിലും കയറ്റുമതി പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ജി. എസ്. ടി അവ്യക്തതകള്‍ നിറഞ്ഞ പ്രക്രിയയായി നിലനില്‍ക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജി. എസ്. ടി ക്രമീകരണങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ ധാരണയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി വി. കെ. ബാബുപ്രകാശ്, കെ. യു. ഡബ്യു. ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
