മലപ്പുറം ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിധവ, ഭിന്നശേഷി, വാര്‍ധക്യം ഉള്‍പ്പടെ വിവിധ പെന്‍ഷനുകളാണ് കലക്ഷന്‍ ഏജന്റുമാര്‍ മുഖേന വീടുകളില്‍ നേരിട്ടെത്തിക്കുന്നത്.

വ്യാഴാഴ്ച(മാര്‍ച്ച് 26) ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വന്നയുടന്‍ തന്നെ ജില്ലയിലെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പെന്‍ഷന്‍ വിതരണം തുടങ്ങിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പടെ വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.

കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി 1360 പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ നേരിട്ട് വീടുകളിലെത്തിക്കാനുള്ളത്. ഇതില്‍ 192 ഭിന്നശേഷി പെന്‍ഷനുകള്‍, 741 വാര്‍ധക്യ പെന്‍ഷനുകള്‍, 331 വിധവ പെന്‍ഷനുകള്‍, 84 കാര്‍ഷിക പെന്‍ഷനുകള്‍, വിവാഹിതരല്ലാത്തവര്‍ക്കുള്ള 12 പെന്‍ഷനുകള്‍ എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍.

ഇതിനായുള്ള 33.59 ലക്ഷം രൂപ പത്തോളം ഏജന്റുമാരുടെ സഹായത്തോട ഒരാഴ്ചക്കകം തന്നെ വിതരണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ തുകയും അടുത്ത ആഴ്ചയോടെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ആശ്വാസം

വറുതിയുടെ നാളുകളിലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വിശ്വാസമാണ് വടക്കേമണ്ണയിലെ ഇയ്യാദിയ്യയുടെയും കരീപറമ്പിലെ തിത്തിക്കുട്ടിയുടെയുമൊക്കെ വാക്കുകളില്‍ നിറയുന്നത്. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ നിവാസികളായ ഇവര്‍ക്കുള്ള പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയപ്പോള്‍ കണ്ണുകളില്‍ തെളിഞ്ഞ ആ പ്രതീക്ഷയുടെ തിളക്കത്തിന് മാറ്റല്‍പ്പം കൂടും. മാസ്‌കും ഗ്ലൗസുമിട്ട് മുറ്റത്ത് വന്നപ്പോഴും കോഡൂര്‍ സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ഷാനവാസിനെ ഇയ്യാദിയ്യ ഉമ്മ തിരിച്ചറിഞ്ഞു.

മരുന്നിനും ഡോക്ടറെ കാണാനുമൊക്കെയായി ആവശ്യമുള്ള പൈസ കൃത്യമായെത്തിക്കുന്ന മോനാണ് വന്നതെന്ന് ഉമ്മാക്ക് നന്നായി അറിയാം. ബാക്കി തുക വിഷൂന് മുമ്പ് എത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അയിക്കോട്ടെ മോനേ സാരല്യ, എന്തായാലും കിട്ടോല്ലോ എന്നായിരുന്നു എഴുപതുകാരിയായ ഇയ്യാദുമ്മയുടെ മറുപടി.

കുഞ്ഞു ഫെബിനും വേണം സാനിറ്റൈസര്‍

കോഡൂര്‍ സഹകരണ ബാങ്കില്‍ നിന്നും സാമൂഹ്യ പെന്‍ഷനുമായാണ് കലക്ഷന്‍ ഏജന്റ് കരീപറമ്പ് 19-ാം വാര്‍ഡിലെ തിത്തിക്കുട്ടിയുടെ വീട്ടിലെത്തിയത്. ആദ്യം സാനിറ്റൈസര്‍ കൊടുത്ത് വല്യുമ്മയുടെ കൈകള്‍ സുരക്ഷിതമാക്കി. തുടര്‍ന്നാണ്  തുക കൈമാറിയത്.
ഇത് കണ്ടപ്പോള്‍ ഒന്നാം ക്ലാസുകാരി ഫെബിനും തന്റെ കുഞ്ഞു കൈകളിലും ആ സാധനം തേച്ചാല്‍ കൊള്ളാമെന്നൊരു തോന്നല്‍. പിന്നെ വല്യുമ്മയുടെ കൈകളില്‍ നിന്ന് നോട്ട് വാങ്ങി എണ്ണിത്തിട്ടപ്പെടുത്താനുള്ള തിടുക്കമായിരുന്നു കോട്ടപ്പടി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഈ മിടുക്കിക്ക്.
പെന്‍ഷന്‍ വിതരണം ചെയ്തു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും ബാങ്ക് /പോസ്റ്റ് മുഖേന പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ മാര്‍ച്ച് മാസത്തെ വിഹിതം ബന്ധപ്പെട്ടവരുടെ പേരില്‍ അയച്ചതായി സെക്രട്ടറി അറിയിച്ചു.