പത്തനംതിട്ട: കോവിഡ് 19 തടയുന്നതിന്റെഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അടൂര്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കമ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
നിര്‍ദ്ധനര്‍, കിടപ്പു രോഗികള്‍, വയോജനങ്ങള്‍, നിരാശ്രയര്‍, അലഞ്ഞു നടക്കുന്നവര്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍ എന്നിവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. കിച്ചണ്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്, സാനിട്ടൈസര്‍, ഹാന്‍ഡ്‌വാഷ്, സോപ്പ് തുടങ്ങിയ എല്ലാ പ്രതിരോധ മുന്‍കരുതലുകളും ഉറപ്പുവരുത്തിയിട്ടുണ്ട്.
അടൂര്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും രണ്ട് നഗരസഭയിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചിട്ടുണ്ട്. പന്തളം നഗരസഭയില്‍ പന്തളം, കുരമ്പാല, അടൂര്‍ നഗരസഭയില്‍ അടൂര്‍ ടൗണ്‍, പറക്കോട്, ഏറത്ത് ചൂരക്കോട്, കടമ്പനാട് ,മണ്ണടി, പള്ളിക്കല്‍ ആലുംമൂട്, പെരിങ്ങനാട്, പന്തളം തെക്കേക്കര തട്ട ഗവ.എല്‍.പി.എസ്, ഏഴംകുളത്ത് മാങ്കൂട്ടം, ഏനാത്ത്, കൊടുമണ്‍, തുമ്പമണ്‍ എന്നിവിടങ്ങളിലാണു കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വോളണ്ടിയര്‍ സമിതികള്‍ രൂപീകരിച്ചാണു കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.