• സന്നദ്ധസേനയിൽ അംഗമാകാം

പൊതുകാര്യങ്ങൾക്കായി യുവജനങ്ങളുടെയും സാധാരണ പൗരൻമാരുടെയും സേവനം ഉപയോഗമാക്കി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു.

തുടർച്ചയായ പരിശീലനത്തിലൂടെയും, ബോധവത്കരണത്തിലൂടെയും മാലിന്യ നിർമാർജനവും പൊതുജനാരോഗ്യ പ്രവർത്തനവും സന്നദ്ധരായ ചെറുപ്പക്കാരിലെത്തിച്ച് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഒരു പ്രസ്ഥാനമായി വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ഇന്ന് (ഫ്രെബ്രുവരി ഏഴ്) ശിൽപശാലയും സന്നദ്ധ സേവാ സംഘം രൂപീകരണവും നടക്കും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10നാണ് പരിപാടികൾ.

സന്നദ്ധപ്രവർത്തകർക്ക് ജില്ലാ ഭരണകൂടം തിരിച്ചറിയൽ കാർഡുകൾ നൽകും. അംഗങ്ങളാകാൻ താത്പര്യമുള്ളവർക്ക് വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.

മഴവെള്ള സംഭരണം, ഉത്തരവാദിത്ത മാലിന്യ നിർമാർജനം, പാരമ്പര്യേതര ഊർജ സംരക്ഷണം, മലിനജല നിർമാണം, ജൈവകൃഷി എന്നിവയാകും സന്നദ്ധസേനയുടെ പ്രധാന പ്രവർത്തനമേഖലകൾ. കൂടാതെ ജില്ലയിലെ പൊതുവായ സമാധാനം,ഓരോരുത്തരുടേയും പൗരധർമം നിറവേറ്റാനുള്ള അവസരം എന്നിവയുമൊരുക്കും. ഹരിതകേരളം, ജാഗ്രത തുടങ്ങിയ പദ്ധതികൾക്ക് ഈ സന്നദ്ധസേവന പദ്ധതി പിന്തുണയാകും.

ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി തിരഞ്ഞെടുക്കുന്ന സന്നദ്ധപ്രവർത്തകർ അവർക്ക് ചുമതല നൽകിയ സ്ഥലങ്ങൾ ശുചീകരിച്ച് ചുമരുകളും മറ്റും പെയിൻറുചെയ്തും പൂന്തോട്ടങ്ങൾ നിർമിച്ച് മനോഹരമാക്കി പരിപാലിക്കും.

ഇതിന് ചെലവ് വഹിക്കുന്ന സ്‌പോൺസർമാർക്ക് അവരുടെ ലോഗോ പെയിൻറിംഗ് ചെയ്ത സ്ഥലത്ത് പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കും. അവർ ഇതിനുള്ള തുടർപരിപാലന ഉത്തരവാദിത്തവും ചെലവും വഹിക്കും. ആദ്യത്തെ അഞ്ച് മാസം നഗരപരിധിയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങൾ ഏറ്റെടുക്കും.

മാലിന്യനിക്ഷേപ നിരീക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുടേയും ഒരു പരിശോധനാസംഘം രൂപീകരിക്കും. സന്നദ്ധപ്രവർത്തകർ സ്‌ക്വാഡിന്റെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് അതത് സമയങ്ങളിൽ നൽകും. കേരള പോലീസിൽ നിന്നുള്ള ഒരു ഡിവൈ.എസ്.പി സ്‌ക്വാഡിന്റെ പ്രവർത്തനം ഏകോപിക്കും.

സന്നദ്ധപ്രവർത്തകർ നേരിട്ടെത്തി മാലിന്യനിക്ഷേപത്തിനെതിരെ ബോധവത്കരിക്കുകയും പ്രദേശത്ത് വ്യാപക പ്രചാരണം നടത്തുകയും ചെയ്യും.

സ്‌കൂളുകൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ ഹരിതച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് സന്നദ്ധപ്രവർത്തകർ അതത് പ്രദേശത്ത് സ്‌കൂളുകളും ജനവാസകേന്ദ്രങ്ങളും സന്ദർശിച്ച് ബോധവത്കരണം നടത്തും. ഈ പ്രവർത്തനങ്ങൾ വിലയിരുത്താനായി പ്രവർത്തകർക്ക് ചോദ്യാവലി നൽകി വിവരം ശേഖരിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്യും.

പദ്ധതികൾ മുഴുവൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നഗരസഭാ ഹെൽത്ത് ഓഫീസർ, പോലീസ് അസിസ്റ്റൻറ് കമ്മീഷണർ, എന്നിവരുടേയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഏകോപിപ്പിക്കും. പ്രകൃതിക്ഷോഭങ്ങളും,കാലാവസ്ഥാ വ്യതിയാനവുമൊക്കെ വർധിക്കുന്ന കാലഘട്ടത്തിൽ നാടിനെ വാസയോഗ്യമായി നിലനിർത്താൻ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന സംഭാവനകൾ നൽകാനാണ് ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്.

വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും സംബന്ധിച്ചു.