നിരീക്ഷണം ശക്തമാക്കും- കലക്ടര്‍
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കോവിഡ് രോഗബാധയുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായിജില്ലാ കലക്ടര്‍ സാംബശിവ റാവു വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബീച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുള്ള 19 പേരുടെയും പരിശോധന ഫലം വന്നു. അതെല്ലാം നെഗറ്റീവ് ആയത് ആശ്വാസകരമാണ്. ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അവരെ കര്‍ശനമായി വീടുകളില്‍ നിരീക്ഷിക്കും.
ജില്ലയില്‍ 75 കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി. വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ അവര്‍ക്ക് വേണ്ട പരിചരണം ചെയ്യുന്നുണ്ട്. 600 ഓളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അതില്‍ അഞ്ച് പേര്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 400 പി.പി കിറ്റുകള്‍ കെ.എം.സി.എലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കൂടാതെ 200 പി.പി കിറ്റുകള്‍ സംഭാവനയായി ലഭിക്കുകയും 2000 പി.പി കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബീച്ച് ആശുപത്രിയില്‍ വെന്റിലേറ്ററുകളുടെ കുറവ് പരിഹരിക്കാന്‍ ജില്ലാ, താലൂക്ക് ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ ഉപയോഗപ്പെടുത്തും.
മാഹി അടക്കമുള്ള ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിറ്റിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്തും. അധികവില, പൂഴ്ത്തിവയ്പ്പുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ചില്ലറ വില നിര്‍ണയിക്കുന്നതിന്റെ ഭാഗമായി എല്ലാ മൊത്തവിതരണ കടകളിലും ചില ചില്ലറ വില്‍പന ശാലകളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്തുകയും അതനുസരിച്ച് വിലനിലവാര പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ജില്ലയ്ക്കു പുറത്തേക്കും സംസ്ഥാനത്തിനു പുറത്തും പോകുന്നതിനുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കി. രണ്ട് ദിവസം കൊണ്ട് 136 വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. മദ്യാസക്തിയുടെ ഭാഗമായി വരുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിമുക്തി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 9495002270 നമ്പരില്‍ ബന്ധപ്പെട്ടാല്‍ സേവനങ്ങള്‍ ലഭിക്കും.
അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍, കരാറുകാര്‍ എന്നിവരുമായി സംസാരിച്ച് പരമാവധി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവരുടെ സഹായത്തോടെ പരിഹരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
എന്നിട്ടും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടപെടാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ അതിഥി തൊഴിലാളികള്‍ കഴിയുന്ന 1,543 ക്യാമ്പുകളുണ്ടെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതില്‍ 31,839 അതിഥി തൊഴിലാളികളാണുള്ളത്. പരമാവധി ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഡിഎംഒ വി ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.