ആലപ്പുഴ: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ച് ജില്ല കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലയിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം,  ഭക്ഷ്യ പൊതു വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, മത്സ്യ- മാംസം- പച്ചക്കറി എന്നിവയുടെ വിതരണം, മരുന്നുകളുടെ വിതരണം, ഇവയുടെ  സ്റ്റോക്ക് എന്നിവയുടെ ചാര്‍ജ്ജ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബിയെ ചുമതലപ്പെടുത്തി.
റവന്യൂ, തദ്ദേശ സ്വയം ഭരണം, മരുന്ന്, പൊതു വിതരണം, ഫിഷറീസ്, കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഡയറി ഡവലപ്‌മെന്റ്, എക്‌സൈസ്, ഹോര്‍ട്ടികോര്‍പ്പ്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ  വകുപ്പുകളെ ഈ സംഘത്തില്‍ ഉള്‍പ്പെടുത്തി.
കെട്ടിടങ്ങളുടെ ലഭ്യത, കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവരുടെ യാത്രാ സൗകര്യം,  അനുബന്ധ സൗകര്യം എന്നിവയുടെ ചാര്‍ജ്ജ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എസ്. വിജയനെ ചുമതലപ്പെടുത്തി. പോലീസ്, റവന്യൂ, അഗ്നി ശമന സേന, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് കെട്ടിട-ഇലക്ട്രിക്കല്‍ വിഭാഗം, മോട്ടോര്‍ വെഹിക്കിള്‍, ആര്‍.ടി.ഒ. എന്നീ വകുപ്പുകളെയും  ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണം, താമസം , ക്യാമ്പുകളിലെ ശുചിത്വം, തൊഴിലാളികളുടെ ആരോഗ്യ നില എന്നിവ ഉറപ്പാക്കുന്നതിന് ചാര്‍ജ്ജ് ഓഫീസറായി ജില്ല ലേബര്‍ ഓഫീസര്‍ വേണുഗോപാലിനെ ചുമതലപ്പെടുത്തി. പോലീസ്, റവന്യു, സാമൂഹ്യനീതി, ഡി.എല്‍.ഒ., ഡി.എസ്.ഒ., തദ്ദേശ സ്വയം ഭരണം, ഡി.ഡി.ഇ. എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ജീവനക്കാരുടേയും ആവശ്യത്തിലേക്ക് വേണ്ട മുഴുവന്‍ വാഹനങ്ങളും സജ്ജീകരിക്കുന്നതിന് ചാര്‍ജ്ജ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എസ്. സ്വര്‍ണ്ണമ്മയെ ചുമതലപ്പെടുത്തി. റവന്യു, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കല്‍, നിരീക്ഷണത്തിലുള്ളവര്‍, അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആവശ്യമായവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് ഉപ ഡയറക്ടര്‍ പി.എം. ഷെഫീഖിനെ ചുമതലപ്പെടുത്തി. റവന്യു, തദ്ദേശ സ്വയം ഭരണം, പൊതു വിതരണം എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ നഗരസഭകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കല്‍, നിരീക്ഷണത്തിലുള്ളവര്‍, അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആവശ്യമായവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജിയെ ചുമതലപ്പെടുത്തി. റവന്യു, നഗരസഭ, പൊതു വിതരണം എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ടീമുകളുടെ രൂപീകരണം, വളണ്ടിയര്‍ നിയമനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ജില്ല പ്ലാനിംഗ് ഓഫീസര്‍ ലതി, ഹസാര്‍ഡ് അനലിസ്റ്റ് സി. ചിന്തു എന്നിവരെ ചുമതലപ്പെടുത്തി. റവന്യു, തദ്ദേശ സ്വയം ഭരണം, പോലീസ് എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യ സംരക്ഷണം, നിരോധനാജ്ഞ മൂലം സ്ഥിരം മദ്യപാനികള്‍ക്കുണ്ടാകുന്ന മാനസിക- ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിക്കാവശ്യമായ നടപടികള്‍ക്കായി തഹസില്‍ദാര്‍ സുമയെ ചുമതലപ്പെടുത്തി. റവന്യു, ഡി.എം.ഒ. (ആരോഗ്യം), എക്‌സൈസ്, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത്സ്യ ബന്ധന മേഖല, ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഫിഷിംഗ് എക്‌സ്‌പോര്‍ട്ട് മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് എ.ഡി.സി. ജനറല്‍ ഡി. ഷിന്‍സിനെ ചുമതലപ്പെടുത്തി. ഫിഷറീസ്, റവന്യു, പ്ലാനിംഗ്, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ്, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
144 പ്രഖ്യാപിച്ചത് സംബന്ധിച്ച നിയന്ത്രണങ്ങള്‍, പാസ്സുകള്‍, ഇളവുകള്‍ എന്നിവ അനുവദിക്കുന്നതിനായി ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ഉഷാകുമാരിയെ ചുമതലപ്പെടുത്തി. റവന്യു, പോലീസ്, അഗ്നി ശമന സേന, പൊതുമരാമത്ത് എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ വിവര ശേഖരണം, ആവശ്യ സജ്ജീകരണം എന്നിവയ്ക്കായി ഡെപ്യൂട്ടി കളക്ടര്‍ എം.വി. അനില്‍കുമാറിനെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് കെട്ടിട വിഭാഗം, തദ്ദേശ സ്വയം ഭരണം, റവന്യു, ഡി.ഡി.ഇ., കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഉപഡയറക്ടര്‍, സാമൂഹ്യനീതി എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടേയും ട്രാന്‍സ്ജന്‍ഡേഴ്‌സിന്റേയും മാനസികാരോഗ്യ സംരക്ഷണം, ആരോഗ്യ നിരീക്ഷണം എന്നിവയ്ക്കായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ സാബു ജോസഫിനെ ചുമതലപ്പെടുത്തി. പോലീസ്, റവന്യു, ഡി.എല്‍.ഒ., ഡി.എസ്.ഒ., തദ്ദേശ സ്വയം ഭരണം, ഡി.ഡി.ഇ., ഡി.എം.ഒ. (ആരോഗ്യം) എന്നീ വകുപ്പുകളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.