കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള ചുമട്ടുതൊഴിലാളികൾക്കായി കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ഡൗൺ മൂലം ചുമട്ടുതൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം കണക്കിലെടുത്താണ് ബോർഡിന്റെ നടപടി.
ബോർഡിന് കീഴിൽ പണിയെടുക്കുന്ന അൺഅറ്റാച്ച്ഡ് വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം മൂലം മാർച്ച് മാസവേതനത്തിൽ വരുന്ന കുറവ് പരിഹരിക്കുന്നതിന് അഡ്വാൻസ് നൽകും. കൂടാതെ മാർച്ച് മാസ വേതനത്തിൽ നിന്ന് ലോൺ, അഡ്വാൻസ് റിക്കവറികൾ ഈടാക്കുന്നത് ഒഴിവാക്കും. അവശ്യ സാമഗ്രികളുടെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളുടെ സേവനം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉപദേശകസമിതി അംഗങ്ങൾ എന്നിവരുടെ സഹായത്തോടുകൂടി തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും ബോർഡ് തീരുമാനിച്ചതായി ചെയർമാൻ കാട്ടാക്കട ശശി, ചീഫ് എക്‌സിക്യൂട്ടീവ് ഷെല്ലി പോൾ എന്നിവർ അറിയിച്ചു.