കേരളത്തിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ആവശ്യമായ നിയമഭേദഗതി വരുത്തുന്നതു സംബന്ധിച്ച കാര്യത്തിൽ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് കൺവീനറായി സമിതി രൂപീകരിക്കാൻ പ്ലാന്റേഷൻസ് ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തോട്ടം ഉടമ പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. മാർച്ച് ഏഴിന് ചേരുന്ന അടുത്ത പ്ലാന്റേഷൻസ് ലേബർ കമ്മിറ്റി യോഗത്തിൽ ഈ പ്രൊപ്പോസൽ ചർച്ച ചെയ്യും.
തോട്ടം മേഖലയിലെ തൊഴിലാളി യൂണിയനുകൾ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ഡിമാൻഡുകൾ സംയുക്തമായി ലേബർ കമ്മീഷണർക്ക് സമർപ്പിക്കും. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം, പെൻഷൻ പ്രായം വർധിപ്പിക്കൽ തുടങ്ങിയ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും അടുത്ത പിഎൽസി യോഗം ചർച്ച ചെയ്യും. ലേബർ കമ്മീഷണർ കെ.ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ അഡിഷണൽ ലേബർ കമ്മീഷണർ (ഇൻഡസ്ട്രിയൽ റിലേഷൻസ്) എസ്.തുളസീധരൻ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ.പ്രമോദ്, അഡ്വ. പി.ലാലാജി ബാബു, പി.എസ്.രാജൻ, പി.വി.സഹദേവൻ, പി.എസ്.ചെറിയാൻ, സി.കെ.ഉണ്ണികൃഷ്ണൻ (സിഐടിയു), എച്ച്.രാജീവൻ, എം.വൈ.ഔസേഫ്, വാഴൂർ സോമൻ (എഐടിയുസി), പി.ടു. ജോയ് (ഐഎൻടിയുസി), പി.പി.എ.കരിം (എസ്ടിയു), എൻ.ബി.ശശിധരൻ (ബിഎംഎസ്), റീഹാബിലിറ്റേഷൻസ് പ്ലാന്റേഷൻസ് ലിമിറ്റഡ് എംഡി കെ.കാർത്തികേയൻ, സി.സദാശിവ സുബ്രഹ്മണ്യം, ബിനു മത്തായി (റബർ ബോർഡ്), ചെറിയാൻ എം. ജോർജ് (എച്ച്എംഎൽ), ബി.കെ.അജിത്ത് (എപികെ), ബി.പി.കരിയപ്പ (എപികെ, കെഡിഎച്ച്പി), പ്രിൻസ് തോമസ്, തോമസ് ജേക്കബ് (എപികെ), ജി.ബേബി (യുടിയുസി) എന്നിവർ പങ്കെടുത്തു.