തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2021 മാര്‍ച്ച് 31 വരെ തുടരുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സിക്കുന്ന രോഗികള്‍ക്കാണ് കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴി തുടരാന്‍ അനുമതി നല്‍കിയത്. ഈ സ്‌കീം അനുസരിച്ചുള്ള ചികിത്സാ സഹായം 2020 മാര്‍ച്ച് 31 വരെ ലഭ്യമാകുമെന്നാണ് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.

ഈ സാഹചര്യത്തിലാണ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സഹായം തുടര്‍ന്നും ലഭ്യമാക്കുന്നതിന് കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കെ.എ.എസ്.പി. എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു.

ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവരുമായ എ.പി.എല്‍./ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ധനവകുപ്പിന്റെ അനുമതിയോടെ കാരുണ്യ ബെനവലന്റ് ഫണ്ട് ഒരു വര്‍ഷത്തേക്കുകൂടി നീട്ടുന്നത്. ഇത് ഈ വര്‍ഷത്തെ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ ഹീമോഫീലിയ രോഗികള്‍ക്കുള്ള ധനസഹായവും ലഭിക്കുന്നതാണ്.