കാക്കനാട്: ജില്ലയിലെ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കൺട്രോൾ റൂമുമായി ഇനി മുതൽ വെബ് ആപ്ലിക്കേഷൻ വഴിയും ബന്ധപ്പെടാം. പൊതുജനങ്ങൾക്കാവശ്യമായ വിവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് പുറമേ ഒറ്റപ്പെട്ട് കഴിയുന്നവരുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ coronahelpdeskekm.deienami.com എന്ന വെബ് ആപ്ലിക്കേഷനിലൂടെ സാധിക്കും.

മെഡിക്കൽ സംബന്ധമായ ഉപദേശങ്ങളും ആംബുലൻസ് സേവനവും കൗൺസിലിംഗും ലഭ്യമാകുന്ന ഈ വെബ് ആപ്പിലൂടെ ഗാർഹിക പീഡന പരാതികളും അറിയിക്കാം. കൺട്രോൾ റൂം സേവനങ്ങൾക്ക് പുറമെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനായി ഡോക്ടർമാർ, മാനസികരോഗ വിദഗ്ധർ, കൗൺസിലർമാർ എന്നിവർ ഉൾപ്പെടുന്ന 160 പേരുടെ പാനലിന് രൂപം നൽകിയിട്ടുണ്ട്.

വെബ് ആപ്ലിക്കേഷൻ വഴി ലഭിക്കുന്ന പരാതികളിൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കും. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്ബേഡ് ടെക്നോളജീസ് എന്ന ഐ.ടി സ്ഥാപനമാണ് ജില്ലാ ഭരണകൂടത്തിനായി വെബ് ആപ്പ് തയ്യാറാക്കിയത്. വിവിധ സേവനങ്ങൾ ആവശ്യമുള്ളവരെ, സേവനദാതാക്കളുമായി ബന്ധിപ്പിക്കുകയാണ് ഈ വെബ് ആപ്ലിക്കേഷൻ. coronahelpdeskekm.deienami.com എന്ന വെബ്സൈറ്റിൽ ആപ്പ് ഉപയോഗ രീതികൾ വിവരിച്ചിട്ടുണ്ട്.

നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയ ശേഷം ഏതു വിഭാഗത്തിലുള്ള സേവനമാണ് ആവശ്യമെന്നത് തിരഞ്ഞെടുക്കണം. കൺട്രോൾ റൂമിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് വിളിയെത്തും. കൺട്രോൾ റൂം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വെബ് ആപ്പിലൂടെ സാധിക്കുന്നു.