കാക്കനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഏറ്റെടുത്ത പി.വി.എസ് ആശുപത്രിയുടെ നവീകരണം പൂര്‍ത്തിയായി. നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളുമായി ജില്ല ഭരണകൂടം സജ്ജമാണെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മാത്രമേ പി.വി.എസ് ആശുപത്രിയിലേക്ക് രോഗികളെ മാറ്റുകയുള്ളു. കോവിഡ് സെന്ററായ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവിലെ സാഹചര്യത്തില്‍ മതിയായ സംവിധാനങ്ങളുണ്ട്.

500 കിടക്കകളാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലുള്ളത്. സമൂഹ വ്യാപനം പോലുള്ള കാര്യങ്ങള്‍ സ,ംഭവിച്ചാല്‍ മതിയായ ചികിത്സ സംവിധാനമൊരുക്കാനാണ് പി.വി.എസ് ആശുപത്രിയെ ജില്ല ഭരണകൂടം ഏറ്റെടുത്തത്. കോവിഡ് തീവ്രപരിചരണ ആശുപത്രി എന്ന നിലയിലാണ് പി.വി.എസ് ആശുപത്രിയെ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് ഇന്‍സിഡന്റ് കമാന്‍ഡന്റ് ആയ സ്‌നേഹില്‍കുമാര്‍ സിങിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.

15 വെന്റിലേറ്ററുകള്‍, 70 ഐ.സി.യു ബെഡുകള്‍, 70 സാധാരണ ബെഡുകള്‍ എന്നിവയാണ് പി.വി.എസ് ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുള്ളത്. താരതമ്യേന തീവ്ര പരിചരണ സംവിധാനങ്ങള്‍ കുറവുള്ള ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്കും പി.വി.എസ് ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം.

റെവന്യു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത്, തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണ് പി.വി.എസ് ആശുപത്രിയെ വളരെ വേഗത്തില്‍ പൂര്‍ണസജ്ജമാക്കാന്‍ സഹായിച്ചത്. സന്നദ്ധ പ്രവര്‍ത്തകരുടെ സംഘവും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദ്, എല്‍ എ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ വകുപ്പ് ജീവനക്കാര്‍ കെയര്‍ സെന്ററില്‍ സൗകര്യങ്ങളൊരുക്കുന്നതിന് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍. കെ. കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവരാണ് ചികിത്സാ സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡോ. ഹനീഷ്, ഡോ. ഗണേശ് മോഹന്‍, ഡോ. രാകേഷ് തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്.

മാസങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന ആശുപത്രിയിലെ ഉപകരണങ്ങള്‍ നവീകരിക്കുകയും കെട്ടിടങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കുകയും ചെയ്തു.
ജില്ല കളക്ടര്‍ എസ്.സുഹാസ് ആശുപത്രിയുടെ നവീകരണം നേരിട്ടെത്തി വിലയിരുത്തി.