കാക്കനാട് : പൊതു ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന പരാമർശങ്ങൾ പൊതു പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്നത് നിരാശാജനകമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ. ഇത്തരത്തിൽ ഉള്ള പരാമർശങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകർ സേവനമനുഷ്ഠിച്ചത്.

കോവിഡ് രോഗം ലോകവ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 03 മുതലാണ് വിമാനത്താവളത്തിൽ സ്ക്രീനിംഗ് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത് . മാര്‍ച്ച് 04ന് ആഭ്യന്തര ടെര്‍മിനലിലും സ്ക്രീനിംഗ് നടപ്പാക്കി. മാര്‍ച്ച് 21 മുതല്‍ കൊച്ചിയില്‍ നിന്നും പോകുന്ന യാത്രക്കാരുടെ സ്ക്രീനിംഗും ആരംഭിച്ചു. വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയ മാര്‍ച്ച് 23 വരെ സ്ക്രീനിംഗ് തുടര്‍ന്നു. പ്രതിദിനം 10000ലേറെ യാത്രക്കാരെയാണ് ഇവിടെ സ്ക്രീനിംഗ് നടത്തിയിരുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരവും നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ചുമുള്ള വ്യക്തിഗത സുരക്ഷാ ഉപാധികളോടെയാണ് സ്ക്രീനിംഗ് നടത്തിയിട്ടുള്ളത്.

വിമാനത്താവളത്തില്‍ കൂടുതല്‍ ദിവസങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് വിമാനത്താവളം അടച്ച മാര്‍ച്ച് 23 മുതല്‍ ശമ്പളത്തോടു കൂടിയള്ള അവധി നല്‍കി. ഇതില്‍ ഒരു ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ക്ക് ചെറിയ തോതില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം പോസീറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്ത എല്ലാവരോടും 14 ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

ഇതില്‍ തന്നെ സ്ക്രീനിംഗില്‍ യാത്രക്കാരോട് കൂടുതല്‍ അടുത്ത് പെരുമാറിയ 42 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഒരാളുടെ ഫലം കൂടി പോസിറ്റിവാണെന്ന് ഫലം വന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകൾക്കും നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ജോലി ചെയ്തിരുന്നത്. ആരോഗ്യ വകുപ്പുമായോ ജില്ലാ ഭരണകൂടവുമായോ ഇടപെട്ട് വ്യക്തത വരുത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ ആശങ്കാജനകമായ പരാമർശം ഉണ്ടാവില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്ട്രോബെറി കർഷകരിൽ നിന്ന് ഫലങ്ങൾ സംഭരിക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മാങ്ങ, പൈനാപ്പിൾ കർഷകരിൽ നിന്നും വിളകൾ ഏറ്റെടുക്കൽ ആരംഭിച്ചു കഴിഞ്ഞു. പൈനാപ്പിൾ തിരഞ്ഞെടുത്ത സിവിൽ സപ്ലൈസ് ഔട്ലെറ്റുകൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.