പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റും വിതരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ്ഞൂരില്‍ അതിഥി തൊഴിലാളികള്‍ക്കും റാന്നി അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ റാന്നി ജനമൈത്രി പോലീസിന്റെ  നേതൃത്വത്തിലും കോയിപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് കോയിപ്രം ജനമൈത്രി പോലീസും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
റേഷന്‍ വിതരണം തുടങ്ങിയ സാഹചര്യത്തില്‍ സുഗമമായ വിധത്തില്‍ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാവാന്‍ എല്ലാവരും  സഹകരിക്കണമെന്നും നിശ്ചിത അകലം പാലിക്കുകയും, കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. ഒരുസമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.ഇക്കാര്യത്തില്‍ കാര്‍ഡുടമകളും  റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.