ആലപ്പുഴ: ജില്ലയില്‍ പഞ്ചായത്തുകളും നഗരസഭകളും നടത്തുന്ന ഭക്ഷണ വിതരണത്തിനൊപ്പം മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കില്‍ അത് ജില്ല കളക്ടറുടെ അനുമതിയോടെ മാത്രമേ ആകാവൂവെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംഘടനകള്‍ അനുമതിയോടെ ഭക്ഷണ വിതരണം നടത്തിയാല്‍ അത് ജാതി, മത വ്യത്യാസമില്ലാതെ വേണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവരും വിവിധ വകുപ്പുുമേധാവികളും പങ്കെടുത്തു.

ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നു. സാമൂഹിക വ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് നിലവില്‍ 7108 ആളുകളാണ്. ഇതില്‍ 10 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ഇന്ന് ക്വാറന്‍റൈന്‍ ചെയ്തവര്‍ 533 ആണ്.

ഇന്ന് ജില്ലയില്‍ ക്വാറന്‍റൈന്‍ ഒഴിവാക്കിയത് 1474 പേരാണ്. ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കൂടുതല്‍ പേരുള്ള പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കും. ഏത് സമയവും അടിയന്തിര സാഹചര്യം ഉണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലിയില്‍ കൃത്യമായി നടപ്പാക്കുന്നുണ്ട്.

നിസാമുദ്ദീന്‍

നിസാമുദ്ദീനിൽ മതസമ്മേളനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ നിന്ന് എട്ട് പേരാണ് പോയത് . അതിലൊരാൾ ആലപ്പുഴയിൽ നിന്നും ബാക്കിയുള്ളവരെല്ലാം ഓണാട്ടുകര മേഖലയിൽ നിന്നുമാണ്. ഈ എട്ടുപേരും ഇവരുമായി ബന്ധപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്‍റ് നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.

കമ്മ്യൂണിറ്റി കിച്ചണ്‍
ജില്ലയില്‍ 72 പഞ്ചായത്തുകളിലായി 86ഉം ആറ് നഗരസഭകളിലായി 15 ഉം കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ 101 കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നായി ഇതുവരെ 104276 പേര്‍ക്ക് ഇതുവരെ ഉച്ചഭക്ഷണം നല്‍കി. ഇതില്‍ 76696 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. ഇന്നുമാത്രം 22103 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 15731 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. ഇന്നലെ വരെ 11316 ഭക്ഷണ പൊതികളാണ് അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്.

അതിഥി തൊഴിലാളികള്‍
ജില്ലയില്‍ നിലവിലെ കണക്ക് അനുസരിച്ച് 14187അതിഥി തൊഴിലാളികളുണ്ട്. ഇതില്‍ 7099പേര്‍ കരാറുകാറുടെ നിയന്ത്രണത്തില്‍ അല്ല. ഇവരുടെ ഭക്ഷണം, മരുന്ന്, താമസ സൗകര്യം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പാക്കും. കരാറുകാര്‍ കൊണ്ടുവന്ന തൊഴിലാളികളുടെ സൗകര്യം അവര്‍ തന്നെ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ഇടയില്‍ അവരുടെ ഭാഷയില്‍ ബോധവത്കരണ പരിപാടികളും നടത്തുന്നു. നാട്ടില്‍ പോകണമെന്ന തെറ്റായ പ്രചാരണം ഇവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി തന്നെ നിലവിലുള്ളിടത്ത് തുടരാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിലും ഇവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലകളക്ടറും എസ്.പി.യും ചേര്‍ന്ന ജില്ലാ തല കമ്മറ്റിക്ക് പുറമേ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മറ്റികളുണ്ട്. ജില്ലയില്‍ 5362 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു.

ഇതില്‍ 13551 കിലോ ഗോതമ്പും അരിയും 5407 കിലോ പച്ചക്കറി, 107 കിലോ കറി പൗഡര്‍, 326 കിലോ ചായപ്പൊടി, 1631 ലിറ്റര്‍ സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവ ഉള്‍പ്പെടുന്നു. അതിഥി തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആറ് മെഡിക്കല്‍ ടീമും സജ്ജമാണ്. 1504 ഷെല്‍ട്ടറുകളിലായിട്ടാണ് ജില്ലയില്‍ അതിഥി തൊഴിലാളികളുടെ താമസം. ഇവരുടെ താമസസ്ഥലത്ത് നിശ്ചിത ഇടവേളകളില്‍ അണുനാശിനി പ്രയോഗം നടത്തി അണുവിമുക്തമാക്കാനും നടപടിയെടുക്കും.

കുടിവെള്ള വിതരണം
ജില്ലയില്‍ 29 പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ഇതില്‍ 22 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിച്ചുകഴിഞ്ഞു. കുടിവെള്ള വിതരണത്തിനായുള്ള സഹായധനം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നെല്ല് കൊയ്ത്ത് ,സംഭരണം
ജില്ലയില്‍ നെല്ല് കൊയ്ത്തും സംഭരണവും പുരോഗമിക്കുന്നുു. സര്‍ക്കാര്‍ ഇതിനെ അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ച്തിന് ശേഷം ജില്ലയില്‍ കൂടിയ മന്ത്രിതല യോഗത്തിന് ശേഷം കൊയ്ത്തും സംഭരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. യോഗത്തിന് മുമ്പ് 57000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിരുന്നത്. യോഗത്തിന് ശേഷം മാത്രം 10500 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 8080മെട്രിക് ടണ്‍ നെല്ല് കൊയ്തിട്ടത് സംഭരിച്ചുവരുകയാണ്. നെല്ല് സംഭരണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. കാലടിയിലെ മില്ലുകളില്‍ നെല്ല് ഇറക്കുന്നതിന് തടസ്സം നേരിട്ടാല്‍ ഇടപെടാന്‍ എറണാകുളം കളക്ടറുമായി ജില്ല കളക്ടര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഗുണ നിലവാര പരിശോധനയ്ക്കായി 5 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 50 ശതമാനം നെല്ല് ഇനിയും കൊയ്ത് സംഭരിക്കാനുണ്ട്. പ്രതിദിനം 150 ലോഡ് നെല്ല് സംഭരിച്ച് നീക്കുന്നുണ്ട്.