* 81.45 ശതമാനത്തിലധികംപേർ സൗജന്യ റേഷൻ ഇതിനകം വാങ്ങി

കോവിഡിന്റെ  പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവന്റുനകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്.

ഇവിടങ്ങളിൽ ഒരാൾക്ക് 15 കിലോ വീതം അരി ലഭിക്കുന്ന സ്ഥാപനങ്ങളിൽ 15 കിലോ സൗജന്യമായി നൽകും. എന്നാൽ, അതില്ലാത്ത ഇടങ്ങളുണ്ട്. അവിടെ ഒരാൾക്ക് അഞ്ചുകിലോ വീതം സൗജന്യമായി നൽകും. നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും.

പ്രൊഫഷണൽ നാടകസമിതികൾ, ഗാനമേള ട്രൂപ്പുകൾ, മിമിക്രി, ചിത്ര-ശിൽപകലാകാരൻമാർ, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരൻമാർ തുടങ്ങിയവർ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂർവം പരിഗണിക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

103 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 81.45 ശതമാനത്തിലധികം പേർ സൗജന്യ റേഷൻ ഇതിനകം വാങ്ങി. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും പേർക്ക് റേഷൻ വിതരണം നടത്തുന്നത് ആദ്യമാണ്. ഇതിനായി പ്രയത്നിച്ച സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ, റേഷൻ വ്യാപാരികൾ, തൊഴിലാളികൾ അടക്കമുള്ള മറ്റുവിഭാഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

റേഷൻ കടകളിൽ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷൻ ലഭ്യമാകുന്നില്ല എന്ന ഒരു പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി. റേഷനുമായി ബന്ധപ്പെട്ട് അപൂർവമായാണ് ചില പരാതികൾ ഉയർന്നുവന്നത്.

ചിലരാകട്ടെ ബോധപൂർവമായി റേഷൻ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്താൻ തുനിഞ്ഞു. എന്നാൽ, ചലച്ചിത്ര നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഉൾപ്പെടെ സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു.

സംസ്ഥാനത്ത് ചരക്കുനീക്കത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഇന്നലെ പകൽ അവശ്യ സാധനങ്ങളുമായി 1981 ലോറികൾ വന്നു. കർണാടക അതിർത്തിയിൽനിന്ന് 649 ഉം തമിഴ്നാട് അതിർത്തിയിൽനിന്ന് 1332 ഉം ലോറികളാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.