കൊച്ചി: അഴിമതിയെക്കാള്‍ രാജ്യത്തെ നശിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ജാതി-മത ചിന്തകളാണെന്ന് ആംഡ് ഫോഴ്‌സസ് ജ്യുഡീഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സദ്ഭരണവും സേവനാവകാശ നിയമവും എന്ന വിഷയത്തില്‍ ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥിതിയുടെ പിന്തുണയോടെ നടക്കുന്ന അഴിമതിയാണ് രാജ്യത്തുള്ളത്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി രാജ്യത്തൊട്ടാകെ നടക്കുന്ന അഴിമതിയുടെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഉദ്യോഗസ്ഥരെ ശിക്ഷിച്ചതു കൊണ്ടുമാത്രം അഴിമതി ഇല്ലാതാവുന്നില്ല. രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും ഉള്‍പ്പെടുന്ന കൂട്ടായ യജ്ഞത്തിലൂടെ മാത്രമേ അഴിമതി ഇല്ലാതാക്കാനാവൂ. അഴിമതി തുടച്ചു മാറ്റപ്പെടണമെങ്കില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് ബാബുമാത്യു പറഞ്ഞു..
വിവരാവകാശനിയമവും സേവനാവകാശ നിയമവും അഴിമതിക്കെതിരെയുള്ള ശക്തമായ ആയുധങ്ങളാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന എറണാകുളം മദ്ധ്യമേഖല വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലീസ് സൂപ്രണ്ട് കെ കാര്‍ത്തിക് പറഞ്ഞു.
സെന്റ് ആല്‍ബേര്‍ട്‌സ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എം എല്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. എറണാകുളം സ്‌പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട് വി എന്‍ ശശിധരന്‍, മദ്ധ്യമേഖല വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈഎസ്പി ഡി അശോകകുമാര്‍, കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി, എഡ്രാക്ക് ജില്ലാ പ്രസിഡണ്ട് രംഗദാസപ്രഭു, റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് കോ-ഓഡിനേറ്റര്‍ കെ എ ഫ്രാന്‍സിസ്, റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രജ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സദ്ഭരണവും സേവനാവകാശനിയമവും എന്ന വിഷയത്തില്‍ അഡ്വ. ഡി.ബി. ബിനു ക്ലാസിന് നേതൃത്വം നല്‍കി.