എറണാകുളം: ഈസ്റ്റര്‍ നാളില്‍ കേരളത്തില്‍ കോവിഡ് അതിജീവനത്തിന്റെ പ്രതീക്ഷയാണ് നിറയുന്നത്. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അതിജീവനത്തിന്റെയും ആവേശമുള്‍ക്കൊണ്ടിരിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചനുകളും.

മത്സ്യവും മാംസവുമുള്‍പ്പടെ വിളമ്പിയായിരുന്നു കമ്മ്യൂണിറ്റി കിച്ചനിലെ ഈസ്റ്റര്‍ ആഘോഷം.

തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചനില്‍ ചിക്കന്‍ കറിയടങ്ങിയ ഭക്ഷണകിറ്റാണ് ഈസ്റ്റര്‍ ദിനത്തില്‍ വിളമ്പിയത്. കൊച്ചി നഗരസഭയുടെ കീഴിലുള്ള വൈറ്റില കമ്മ്യൂണിറ്റി കിച്ചനില്‍ മീന്‍കറിയുള്‍പ്പടെയുള്ള സദ്യ ഇലയില്‍ നല്‍കി.പലയിടങ്ങളിലും ഇത്തരത്തില്‍ മത്സ്യവും മാംസവും ഇന്നത്തെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ചെറിയ സന്തോഷങ്ങളെ വീടുകളിലെത്തിക്കാനാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുന്നവർ ശ്രമിച്ചത്.

കാലടിയില്‍ അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു കൊണ്ടാണ് പോലീസുകാര്‍ ഈസ്റ്റര്‍ ആഘോഷിച്ചത്.

*അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റ്*
അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍ മേഖലയിലെ കമ്മ്യൂണിറ്റി കിച്ചനില്‍ തൊഴിലാളികള്‍ക്കുള്ള ഭക്ഷണകിറ്റ് ഈസ്റ്റര്‍ ദിനത്തില്‍ എത്തിച്ചു നല്‍കിയിരിക്കുകയാണ് ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനെ സംബന്ധിച്ച് ജില്ല ലേബര്‍ ഓഫീസര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ 2288 ക്യാമ്പുകളില്‍ ആയി 54463 തൊഴിലാളികള്‍ ആണ് ഉള്ളത്. ഇവരുടെ ആവശ്യങ്ങള്‍ അറിയാനും ക്യാംപുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഉദ്യോഗസ്ഥര്‍ ക്യാംപുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ട്.