പ്രവാസികളുടെ പ്രശ്‌നങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹ്രസ്വകാല പരിപാടികൾക്കും സന്ദർശകവിസയിലും മറ്റുമായി വിദേശത്ത് പോയി കുടുങ്ങിയവർക്ക് വരുമാനമില്ലാത്ത സ്ഥിതിയിൽ ജീവിതം അസാധ്യമായിരിക്കുന്നു.അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകൾ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈനും സംസ്ഥാന സർക്കാർ നിർവഹിക്കും.

കോവിഡ് 19 നെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് ഏകോപനത്തിനായി സംസ്ഥാനത്ത് ചൊവ്വാഴ്ച നാലു പുതിയ പോലീസ് സ്‌റ്റേഷനുകൾ ആരംഭിക്കും.വയനാട് നൂൽപ്പുഴയിലാണ് ഒന്ന്. ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ വനിതാ പോലീസ് സ്‌റ്റേഷനുകളാണ് ആരംഭിക്കുന്നത്.സംസ്ഥാനത്ത് ആയിരം സാമ്പിളുകൾ വരെ ഒരു ദിവസം പരിശോധിക്കുന്നുണ്ട്. 96.54 ശതമാനം റേഷൻ വിതരണം പൂർത്തിയായി.

എ. എ. വൈ വിഭാഗത്തിന് 5,32,000 കിറ്റുകൾ വിതരണം ചെയ്തു. തമിഴ്‌നാട് അതിർത്തി ഭാഗങ്ങളിലെ വിവിധ വഴികളിലൂടെ ആളുകൾ എത്തുന്നുണ്ട്.ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. കോട്ടയത്ത് എലിപ്പനി, ഡെങ്കിപ്പനി വ്യാപനം തടയാൻ നടപടി സ്വീകരിക്കും. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങൾ, പന്തലുകാർ, ചെറുകിട കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കാൻ അനുമതി നൽകും. ലക്ഷദ്വീപിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തിയിട്ടുള്ളവർക്ക് ഭക്ഷണസൗകര്യം ഒരുക്കും. വെറ്റില കർഷകർക്ക് ആഴ്ചയിൽ ഒരു ദിവസം വെറ്റില വിപണിയിലെത്തിക്കാൻ അനുമതി നൽകും.കമ്മ്യൂണിറ്റി കിച്ചനുകളിൽ അപൂർവമായി രാഷ്ട്രീയ ഇടപെടൽ തുടരുന്നു. തെറ്റായരീതി സ്വീകരിക്കുന്നവർ അതിൽ നിന്ന് മാറി നിൽക്കണം.

ആരോഗ്യപ്രവർത്തകർക്ക് 800 വ്യക്തിഗത സുരക്ഷാ യൂണിറ്റുകൾ വാങ്ങുന്നതിന് ദേശീയ വനിത വികസന ധനകാര്യ കോർപറേഷനും ദേശീയ പട്ടികജാതി വികസന കോർപറേഷനും 9,85,600 രൂപ നൽകിയിട്ടുണ്ട്.ചിലയിടങ്ങളിൽ നോക്കുകൂലി ആവശ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

നോക്കുകൂലി പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. ഫലപ്രദമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 208 വ്യാപാരസ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ 96 ഇടത്ത് അപാകത കണ്ടെത്തി. കേൾവി പ്രശ്‌നമുള്ളവർക്ക് സഹായകമാവുന്ന കോക്‌ളിയാർ ഇംപ്ലാന്റ് നന്നാക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ മലയാളം, ഇംഗ്‌ളീഷ്, കന്നട, തമിഴ് മീഡിയം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.ഹയർസെക്കൻഡറി, പ്രീപ്രൈമറി കുട്ടികളുടെ പ്രവർത്തന കാർഡ്, അധ്യാപകരുടെ കൈപ്പുസ്തകം എന്നിവ എൻ.സി.ഇ.ആർ. ടി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ടെക്‌സ്ബുക്കുകളുടെ 75 ശതമാനം അച്ചടിയും പൂർത്തിയായി. അഭിഭാഷകരുടെ ഓഫീസുകൾ ചുരുക്കം ആളുകളെ വച്ച് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.