ആലപ്പുഴ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചതും മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റാത്തവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായമായി വിതരണം ചെയ്യും. ഇതിനായി വെള്ളക്കടലാസ്സില്‍ അംഗത്തിന്റെ പേര്, അംഗത്വനമ്പര്‍ , ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ നല്‍കേണ്ടതാണ്.

അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുള്ളതിനാല്‍ അംഗീകൃത യൂണിയന്‍ മുഖേന അപേക്ഷിക്കാവുന്നതും, karshakanalappuzha@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷകള്‍ മെയില്‍ ചെയ്യാവുന്നതുമാണ്. ലോക്ക് ഡൗണ്‍ കാലാവധിക്ക് ശേഷവും ആനുകൂല്യം വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് കടകളിലും, അക്ഷയ കേന്ദ്രങ്ങളിലും തിരക്കുകൂട്ടുന്നത് ഒഴിവാക്കണമെന്നും ജില്ലാ എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ധനസഹായ വിതരണം. 60 വയസ്സ് പൂര്‍ത്തിയായി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞുപോയ അംഗങ്ങള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0477 2264923