തൃശൂർ ജില്ലാ സിറ്റി പോലീസിന് കീഴിൽ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരും ഇനിമുതൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കും. വനിതാ പൊലീസ് ബുള്ളറ്റ് പെട്രോളിംഗ് സംഘത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സിന്ധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ്ങ് സംഘത്തിന്റെ പ്രവർത്തനം കഴിഞ്ഞദിവസമാണ് ആരംഭിച്ചത്.

ഇതിൽ നിന്നും ആവേശം ഉൾക്കോണ്ട് നിരവധി വനിതാ ഉദ്യോഗസ്ഥരാണ് സിറ്റി പോലീസ് കമ്മീഷണർക്ക് മുമ്പാകെ ബുള്ളറ്റ് പെട്രോളിങ്ങിന്റെ ഭാഗമാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ജില്ലയിലെ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും എൻഫീൽഡ് ബുള്ളറ്റ് പരിശീലനത്തിനുള്ള ഉത്തരവ് നൽകുകയും ചെയ്യ്തു.

വിവിധ ഘട്ടമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും വനിതകൾക്ക് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം നൽകി ഇവരുടെ നേതൃത്വത്തിൽ എല്ലാ പോലീസ് സ്റ്റേഷൻ തലത്തിലും വനിതകളുടെ പ്രത്യേക പട്രോളിങ്ങ് സംഘത്തെ സജ്ജമാക്കാനാണ് വകുപ്പ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൺട്രോൾ റൂം ഇൻസ്‌പെക്ടർ വി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.